upadedikkatav-palam

മാന്നാർ: വർഷങ്ങളായുള ഒരു നാടിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയുള്ള ഉപദേശിക്കടവ് പാലം പൂർത്തിയായി. പാലത്തിന് അനുബന്ധമായുള്ള ഉപദേശിക്കടവ് - തിക്കപ്പുഴ റോഡ് പൂർത്തിയാകുന്നതിനായുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. സംസ്ഥാന ബഡ്ജറ്റിൽ 25 കോടി രൂപ അനുവദിച്ച് 2020 സെപ്തംബർ 17നാണ് പണി തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്. 13 സ്പാനുകളിൽ ഫ്ലൈഓവർ മോഡലിലാണ് പാലം നിർമ്മിച്ചത്. വളഞ്ഞവട്ടം ഭാഗത്ത് 7 സ്പാനുകളും നദിയിൽ 3 സ്പാനുകളും പരുമല ഭാഗത്ത് 3 സ്പാനുകളുമാണ്. പാലവും സമീപനപാതയും ഉൾപ്പെടെ 810 മീറ്ററാണ് ദൂരം. ഇതിൽ പാലം മാത്രം 206 മീറ്റർ വരും. മാത്യു കോര ആൻഡ് കമ്പനിക്കായിരുന്നു കരാർ.പാലത്തിന്റെ മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ അനുബന്ധ റോഡ് നിർമാണം പൂർത്തിയായി. പരുമല ഭാഗത്ത് ഉപദേശിക്കടവ് പാലം മുതൽ സിൻഡസ് മോസ് സ്കൂൾ വരെയുള്ള ഭാഗവും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഈ ഭാഗത്ത് എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. സിൻഡസ് മോസ് സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമ്മാണമാണ് ഇനി പൂർത്തിയാകുവാനുള്ളത്. ഈ ഒന്നര കിലോമീറ്റർ ദൂരം കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ഈ ഭാഗത്തെ റോഡ് കൂടി നിർമ്മിച്ചെങ്കിൽ മാത്രമെ കോടികൾ മുടക്കി നിർമിച്ച പാലത്തിന്റ ഗുണം നാട്ടുകാർക്ക് ലഭിക്കുകയുള്ളു.

#ഉപദേശിക്കടവ്– തിക്കപ്പുഴ റോഡിന് 10 കോടി

1. ഉപദേശിക്കടവിൽ നിന്നും തിക്കപ്പുഴയിലേക്കുള്ള ഒന്നര കിലോമീറ്റർ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്താനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. 10 കോടി രൂപയാണ് ഇതിനു ചെലവ്.

2. ഉപദേശിക്കടവ്– തിക്കപ്പുഴ റോഡിനു വീതി കൂട്ടാനായി ഇരു വശങ്ങളിലുള്ള മതിലുകൾ പൊളിച്ചു നീക്കി ഉടമസ്ഥർക്ക് പുതിയ മതിൽ തിരികെ പണിത് നൽകും. മതിൽ ഇല്ലാത്ത വീടുകളിൽ അതിർത്തി തിരിച്ച് കല്ലുകെട്ടി നൽകും.

3. റോഡ് നിർമ്മാണം കൂടി പൂർത്തിയാകുന്നതോ തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ കുരുക്കിൽ പെടാതെ എത്താൻ കഴിയും.

...............

പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കും.പുതിയ പാലത്തിലൂടെ പരുമല തീർത്ഥാടകർക്ക് കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്

- മാത്യു ടി.തോമസ് എം.എൽ.എ