ramananum-rejaniyum

മാന്നാർ: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്റെ ചികിത്സക്ക് പണം കണ്ടെത്താൻ സുമനസുകളുടെ സഹായം തേടി നിർദ്ധന കുടുംബം. കഴിഞ്ഞ 6 വർഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന മാന്നാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കുട്ടമ്പേരൂർ വേളൂർ തറയിൽ രമണന്റെ (57) ചികിത്സക്കായിട്ടാണ് കുടുംബം സുമനസുകളുടെ കരുണ തേടുന്നത്. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ 7 മാസമായി ഡയാലിസിസ് ചെയ്തു വരുന്ന രമണന് , ഒന്നിടവിട്ട

ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നതിനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ഡയാലിസിസ് ചെയ്യുന്നത്. ഇതിനുള്ള യാത്രാ ചെലവ് തന്നെ ഏകദേശം രണ്ടായിരത്തോളം രൂപ വരും. കൂലിപ്പണിക്കാരനായിരുന്ന രമണൻ അസുഖ ബാധിതനായതോടെ ഭാര്യ രജനി വീടുകളിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ജീവിതമാർഗം. ഇരു കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ട രമണന്റെ ഇരുകാലുകളിലേക്കും രക്തഓട്ടം നിലച്ചതോടെ വിരലുകൾ മുറിച്ച് മാറ്റേണ്ടിയും വന്നു. ഇതോടെ മുഴുവൻ സമയവും ഭർത്താവിന്റെ പരിചരണവുമായി കഴിയേണ്ടി വന്നതോടെ ആ വരുമാനവും നിലച്ചു. 15 വർഷം മുൻപ് ഇ.എം.എസ് ഭവന പദ്ധതിയിൽ ലഭിച്ച എഴുപതിനായിരം രൂപ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച വീടിന്റെ പണി പൂർത്തീകരിക്കാൻ കഴിയാതെ ജീർണാവസ്ഥയിലായ വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഗൃഹനാഥന്റെ ചികിത്സക്കും പ്ലസ് വൺ വിദ്യാർത്ഥിയായ ഏക മകന്റെ വിദ്യാഭ്യാസത്തിനും യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബം സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. കാനറ ബാങ്ക് മാന്നാർ ബ്രാഞ്ചിൽ ഇതിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3534101005027 IFSC : CNRB0014110 ഗൂഗിൾ പേ നമ്പർ : 96451 31259 (രജനി രമണൻ).