
ചേർത്തല: എസ്.എൽ പുരം സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് അക്ഷരസൗഹൃദ യാത്രയൊരുക്കി വയലാർ ഫാൻസ് വയലാറിന്റെ 50-ാം ചരമവാർഷികം ആചരിച്ചു. യാത്ര രാഘവപ്പറമ്പിലെത്തിയപ്പോൾ വയലാറിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്മൃതിമണ്ഡപത്തിലെ വയലാർ ചിത്രത്തിൽ യാത്രയുടെ ക്യാപ്റ്റൻ കരപ്പുറം രാജശേഖരന്റെ നേതൃത്വത്തിൽ മാലചാർത്തി. തുടർന്ന് പ്രസിഡന്റ് ടി.പി. സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.വയലാർ ഫാൻസ് പുരസ്‌കാരം വയലാറിന്റെ മകൻ ശരത്ചന്ദ്രവർമ്മ കവയത്രി ലീലാ രാമചന്ദ്രന് സമ്മാനിച്ചു. നങ്ങേലിയാണിവൾ എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്. കഥാകൃത്ത് ഷാജി മഞ്ജരി അനുസ്മരണ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സബീഷ് മണവേലി,ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര, വിനോദ്കുമാർ,ഷിന്റോ,ജോസഫ് മാരാരിക്കുളം,എം.ഡി.വിശ്വംഭരൻ, വിനയകുമാർ തുറവൂർ,മീനാക്ഷിയമ്മ രവീന്ദ്രൻ,വേണുഗോപാൽ പ്രസന്നൻകല്ലാപ്പുറം,സുരേഷ് ബാബു രാജു പപ്പള്ളിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
യലാർ കലാസാംസ്‌കാരിക വേദി അനുസ്മരണവും കുടംബസംഗമവും നടത്തി. വയലാർ രാഘവപറമ്പിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരതി തമ്പുരാട്ടിയെയും കുടുംബാംഗങ്ങളെയും എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ.ഹരികുമാർ ആദരിച്ചു. ശ്രീജിത്ത് പ്ലാശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു.സമിതിയിലെ112 അംഗങ്ങളുടെ കവിതാ സമാഹാരമായ കല്യാണസൗഗന്ധികം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് പരിചയപ്പെടുത്തി. രുദ്രൻ വാര്യത്ത്,പ്രശാന്ത് പുതുക്കരി,അജിത സുരേഷ്,വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി, മകൻ വയലാർ ശരത്ചന്ദ്രവർമ്മ തുടങ്ങിയവർ സംസാരിച്ചു.
വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തിന്റെ ഭാഗമായി സഞ്ജീവനം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാവ്യോത്സവം അനുസ്മരണ പ്രഭാഷണം,കാവ്യ, ഗാനാഞ്ജലി, നൃത്താവിഷ്‌കാരങ്ങൾ തുടങ്ങിയവയുൾപ്പെട്ട ഒരുവർഷം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തും. ഒന്നിന് വയലാർ രാഘവപ്പറമ്പിൽ നിന്നാണ് കാവ്യോത്സവത്തിന് തുടക്കം കുറിച്ചത്.
ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,ചേർത്തല എസ്.എൻ. കോളേജ്,ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, എരമല്ലൂർ യു.പി സ്‌കൂൾ, ആര്യക്കര എബി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ, ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ വയലാർ കാവ്യോത്സവം നടന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആലപ്പുഴ മുഹമ്മദൻസ് സ്‌കൂളിലും,ദലീമ ജോജോ എം.എൽ.എ എരമല്ലൂർ യു.പി സ്‌കൂളിലും കാവ്യോത്സവം ഉദ്ഘാടനം ചെയ്തു. കവികൾ,ഗായകർ,പ്രഭാഷകർ തുടങ്ങി നിരവധിപേർ കാവ്യോത്സവങ്ങളിൽ പങ്കാളികളായി.ചേർത്തല ശ്രീനാരായണ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ഒ.എസ്.സഞ്ജീവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ചതാണ് സഞ്ജീവനം സാംസ്‌കാരിക സമിതി.