കൃഷ്ണപുരം : കാപ്പിൽ കിഴക്ക് ഏഴാം വാർഡിന്റെ വിവിധ ഭാഗങ്ങളിലും എട്ടാം വാർഡിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമായി. നിരവധി കർഷകരുടെ കരകൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. കാട്ടുപന്നി ആക്രമണം നിത്യസംഭവമായതോടെ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞദിവസം രാത്രി കർഷക കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായ വയലിൽ സന്തോഷിന്റെ 150ഓളം മൂഴ് മരച്ചീനി നശിപ്പിച്ചു. ഞക്കനാൽ കൂടത്തിനാൽ തറയിൽ ബദറുദീന്റെ കൃഷിസ്ഥലത്തെ മരച്ചീനിയും ചേമ്പും നശിപ്പിക്കപ്പെട്ടു.
കാപ്പിൽ മേക്ക് പ്രദേശത്തും പുള്ളിക്കണക്ക് പ്രദേശത്തും മുൻ ദിവസങ്ങളിൽ കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു. പ്രദേശത്തെ കുറ്റിക്കാടുകളാണ് പകൽ സമയത്ത് കാട്ടുപന്നികളുടെ താവളം. കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കുകയും പഞ്ചായത്ത് ഷൂട്ടറെ നിയമിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടുപന്നി ആക്രമണത്തിൽ കൃഷി നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്തു മുരളി ആവശ്യപ്പെട്ടു