
മാന്നാർ: യുവാവിന്റെ കൈയിൽ നിന്ന് റോഡിൽ നഷ്ടപ്പെട്ട 15 പവൻ സ്വർണം മണിക്കൂറുകൾക്കകം കണ്ടെത്തി നൽകി മാന്നാർ പൊലീസ്. മാന്നാർ ഇരമത്തൂർ ആച്ചാത്തറ വടക്കേതിൽ സുമേഷിന്റെ കൈയിൽ നിന്നാണ് സ്വർണം നഷ്ടപ്പെട്ടത്. വീട് നിർമ്മാണത്തിന്റെ ആവശ്യത്തിന് പണയം വയ്ക്കുന്നതിനായി സുഹൃത്തിൽ നിന്ന് വാങ്ങി വന്ന 15 പവൻ സ്വർണം മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 3 ഓടെയാണ് നഷ്ടപ്പെട്ടത്. ഉടൻ തന്നെ സുമേഷ് മാന്നാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ജൂനിയർ എസ്.ഐ ലിൻസി, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു വിജയൻ, അരവിന്ദ് അനന്ദു ബാലു എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ സൈക്കിൾ യാത്രക്കാരൻ സ്വർണം അടങ്ങിയ പൊതി എടുത്ത് പോകുന്നതായി കണ്ടെത്തി. ദൃശ്യത്തിലുള്ള ആളിനെ തിരിച്ചറിഞ്ഞ പൊലീസ് അയാളുടെ വീട്ടിലെത്തി സ്വർണം തിരികെ വാങ്ങുകയും സ്വർണത്തിന്റെ ഉടമ സുമേഷിനെ വിളിച്ചു വരുത്തി മാന്നാർ എസ്.എച്ച്.ഒ ഡി.രജീഷ് കുമാർ സ്വർണം കൈമാറുകയും ചെയ്തു. പരാതി ലഭിച്ച ഉടൻ തന്നെ വളരെ കൃത്യമായ രീതിയിൽ ഇടപെട്ട് മണിക്കൂറുകൾക്കകം നഷ്ടപ്പെട്ട സ്വർണം കണ്ടെത്തിയ മാന്നാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ എസ്.എച്ച്.ഒ അഭിനന്ദിച്ചു. പൊലീസിന് നന്ദി പറഞ്ഞാണ് സുമേഷ് മടങ്ങിയത്.