
അമ്പലപ്പുഴ : അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പും ശക്തമായ മഴയും തീരദേശത്തെ കടുത്ത വറുതിയിലാക്കി. തോട്ടപ്പള്ളി ഹാർബറിന്റെയും ജില്ലയുടെ തീരത്തെ ചന്തക്കടവുകളുടെയും പ്രവർത്തനം മന്ദഗതിയിലായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോ ൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലടക്കം 29വരെ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ജില്ലയുടെ തീരത്തെ നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയിരുന്നത്.എന്നാൽ കുറെ നാളുകളായി മാറി മാറി വരുന്ന കാലാവസ്ഥ വ്യതിയാനം തീരമേഖലക്കു വൻ തിരിച്ചടിയാണ്. ഈ പ്രാവശ്യത്തെ ട്രോളിംഗ് നിരോധന കാലയളവിലും പരമ്പരാഗത വള്ളങ്ങൾക്ക് പ്രതീക്ഷക്കൊത്തു മത്സ്യക്കൊയ്ത്തു ലഭിച്ചിരുന്നില്ല. കൂടാതെ മുങ്ങിയ കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നറിൽ ഉടക്കി മത്സ്യ ബന്ധന വല നശിച്ചുണ്ടായ നഷ്ടം വേറെയും. എന്നാൽ വളർച്ചയെത്തിയ വലിയ മത്തി കിട്ടി തുടങ്ങിയതോടെ ചാകര തെളിയുന്ന സാഹചര്യമായതിനിടയിലാണ് ഇരുട്ടടി പോലെ വീണ്ടും കാറ്റും മഴയും ശക്തി പ്രാപിച്ചത്. തോട്ടപ്പള്ളിയിൽ നങ്കുരമിട്ടിരുന്ന പല വള്ളങ്ങളും പൊന്തുകളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിത്തുടങ്ങി.