rain

ഗതാഗതക്കുരുക്കും രൂക്ഷം

ആലപ്പുഴ: ഇന്നലെ രാവിലെ മുതൽ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും നഗരത്തിന്റെ പല ഭാഗങ്ങളിലായി മരങ്ങൾ കടപുഴകി.ഉച്ചയ്ക്ക് രണ്ടരയോടെ കളക്ട്രേറ്റിന് സമീപം ആലിശേരി പള്ളിക്ക് മുൻവശത്തും വെറ്റക്കാരൻ ജംഗ്ഷനിലുമാണ് മരങ്ങൾ വീണത്. തുടർന്ന് നഗരമദ്ധ്യത്തിലും സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പള്ളാത്തുരുത്തി വാർഡിൽ കന്നിട്ടപ്പറമ്പിൽ അൻസാരിയുടെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പുരയിടത്തിൽ നിന്ന മൂന്ന് ആഞ്ഞിലി മരങ്ങൾ മറിഞ്ഞു വീണു. വീടിന്റെ മൂന്ന് മുറികളുടെ ഓടുകൾ തകർന്നു പാരപ്പെറ്റിനും നാശമുണ്ട്. അൻസാരി കിടപ്പു മുറിയിൽവിശ്രമിക്കുമ്പോൾ ഓടു പൊട്ടിവീഴുന്നതു കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയെങ്കിലും മരം മുറിച്ചു മാറ്റാനായില്ല. ലക്ഷങ്ങളുടെ നാശമാണ് വീടിന് ഉണ്ടായത്.

മറ്റിടങ്ങളിൽ മഴ വകവെയ്ക്കാതെ വളരെ പണിപ്പെട്ടാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർമരങ്ങൾ മുറിച്ചുമാറ്റിയത്. ഇതിനുശേഷമാണ് വൈദ്യുതിബന്ധവും ഗതാഗതവും പുനഃസ്ഥാപിക്കാനായത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് അതിശക്തമായ കാറ്റിനൊപ്പം കനത്ത മഴ അനുഭവപ്പെട്ടത്. പലയിടങ്ങളിലായി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള കൺട്രോൾ റൂം ജംഗ്ഷനിൽ ഇന്റർലോക്ക് പാകിയ മേഖല പൂർണമായും പെയ്ത്തുവെള്ളത്തിൽ മുങ്ങി. വളരെ പ്രയാസപ്പെട്ടാണ് യാത്രക്കാർ ജംഗ്ഷൻ കടന്നത്. കനത്ത മഴ നഗരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനും ഇടയാക്കി. കൊട്ടാരപ്പാലം മുതൽ ആലപ്പുഴ നഗരഭാഗത്തേക്ക് അരമണിക്കൂറിലേറെ സമയമെടുത്താണ് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെത്തിയത്.