
മാന്നാർ: സംസ്ഥാന സ്കൂൾ കായികമേളയിൽ കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിന് ജൂനിയർ ക്രിക്കറ്റിൽ വൻ നേട്ടം. ജൂനിയർ ക്രിക്കറ്റ് ടീം ക്യാപ്റ്റനും എസ്.കെ.വി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അഭിറാം ജി.ബി ഓൾ കേരള സ്കൂൾ ജൂനിയർ എമർജിംഗ് പ്ലെയർ ബഹുമതിയും കരസ്ഥമാക്കി. മദ്ധ്യപ്രദേശിൽ നടക്കുന്ന ദേശീയ കായികമേളയിൽ അഭിരാം പങ്കെടുക്കും. പെരിങ്ങലിപ്പുറം ശുഭ ഭവനത്തിൽ ബാല പ്രതാപിന്റെയും ശുഭയുടെയും മകനാണ് അഭിറാം. എസ്.കെ.വി ഹൈസ്കൂൾ സ്പോർട്സ് കൗൺസിലിന്റെയും പെരിങ്ങലിപ്പുറം കേരള ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് അഭിരാമിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. സ്കൂൾ മാനേജർ എം.സുധൻപിള്ള, വൈസ് പ്രസിഡന്റ് വേണു കേശവ്, സെക്രട്ടറി മോഹനൻ വെട്ടിക്കാട്ട്, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങൾ, ഹെഡ്മിസ്ട്രസ് അനില.ജി, അദ്ധ്യാപകർ തുടങ്ങിയവർ വീട്ടിലെത്തി അഭിരാമിനെ അഭിനന്ദിച്ചു.