remanan

മാന്നാർ: ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് പണമില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന കുട്ടമ്പേരൂർ വേളൂർ തറയിൽ രമണൻ (57) സുമനസ്സുകളുടെ കനിവിന് കാത്തുനിൽക്കാതെ യാത്രയായി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രമണൻ ഇന്നലെ പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വീട്ടുവളപ്പിൽ സംസ്കരിച്ചു.

രമണന്റെ ചികിത്സക്കും പ്ലസ് വൺ വിദ്യാർത്ഥിയായ ഏക മകന്റെ വിദ്യാഭ്യാസത്തിനും യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ 7 മാസമായി ഡയാലിസിസ് ചെയ്തു വരികയായിരുന്നു രമണൻ. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നതിനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ചെയ്യാൻ കഴിഞ്ഞിരുന്നത്. 15 വർഷം മുൻപ് ഇ.എം.എസ് ഭവന പദ്ധതിയിൽ ലഭിച്ച എഴുപതിനായിരം രൂപ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചെങ്കിലും പണി പൂർത്തീകരിക്കാൻ കഴിയാതെ ജീർണാവസ്ഥയിലായ വീട്ടിലായിരുന്നു രമണനും കുടുംബവും കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരനായിരുന്ന രമണൻ അസുഖ ബാധിതനായതോടെ ഭാര്യ രജനി വീടുകളിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ജീവിതമാർഗം. ഇരു കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ട രമണന്റെ ഇരുകാലുകളിലേക്കും രക്തഓട്ടം നിലച്ചതോടെ വിരലുകൾ മുറിച്ച് മാറ്റേണ്ടിയും വന്നു. ഭാര്യ രജനി രമണൻ. ഏക മകൻ പാർത്ഥ സാരഥി