s

ആലപ്പുഴ: അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട 50 കുടുംബങ്ങൾക്ക് കൂടി ഫ്ളാറ്റുകൾ നൽകും. അതിദരിദ്രരില്ലാത്ത ആലപ്പുഴ പ്രഖ്യാപനത്തിന് രണ്ട് ദിനം മാത്രം ബാക്കി നിൽക്കേയാണ് പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ചതിൽ അധികംവന്ന ഫ്ലാറ്റുകൾ ഇവർക്ക് നൽകാൻ തീരുമാനമായത്.

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയിൽ ഭൂരഹിത - ഭവനരഹിതരിൽ ഭൂമി വാങ്ങി നൽകാനാകാത്ത 50 കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കുക. കടലാക്രമണത്തിൽ ഭീഷണി നേരിടുന്ന മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുന്ന ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ പുറക്കാട് മണ്ണുംപുറത്ത് നിർമിക്കുന്ന സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് ഇവർക്ക് നൽകുക. ജില്ലയിൽ അതിദരിദ്രരെന്ന്‌ കണ്ടെത്തിയ 3172കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകി അവരെ അതിദാരിദ്ര്യമുക്തരാക്കി.

ജില്ലയിൽ അതിദരിദ്ര കുടുംബങ്ങൾ

3172

നൽകുന്നത് പുനർഗേഹം ഫ്ളാറ്റുകൾ

 അതിദരിദ്രരുടെ പട്ടികയിൽ വീട് മാത്രം ആവശ്യമായ 276ൽ 219 കുടുംബത്തിന്റെയും വീടുനിർമ്മാണം പൂർത്തീകരിച്ചു

 വീടും വസ്‌തുവും ആവശ്യമായ 196ൽ 146 കുടുംബത്തിനും വസ്തു ലഭ്യമാക്കി. ഇവരിൽ 41 കുടുംബം വീട് നിർമ്മിച്ചു

 17കുടുംബത്തിന്‌ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേന തുക കണ്ടെത്തി. മറ്റുള്ളവർക്ക് തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളുംവസ്തു വാങ്ങി നൽകി

 404 കുടുംബത്തിന്റെ വീട്‌ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. 204 കുടുംബത്തിന്‌ ഉപജീവനമാർഗമൊരുക്കി

 അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക്‌ വീടിനടുത്ത് തുടർപഠനത്തിന് അവസരമൊരുക്കി

 39 വിദ്യാർത്ഥികൾക്ക്‌ കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകളിൽ സൗജന്യ യാത്രാപാസുകൾ നൽകി

പ്രഖ്യാപനം 31ന്

ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി 31ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30ന് ആലപ്പുഴ ജൻഡർ പാർക്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, രമേശ് ചെന്നിത്തല, ദലീമ ജോജോ, തോമസ് കെ. തോമസ്, അഡ്വ. എം.എസ്. അരുൺകുമാർ, അഡ്വ. യു. പ്രതിഭ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ, ചേർത്തല നഗരസഭാദ്ധ്യക്ഷ ഷെർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.