
ആലപ്പുഴ : മഴ പെയ്തതോടെ വാടക്കനാലിന്റെ തെക്കേക്കരയിൽ ഔട്ട് പോസ്റ്റ്- കോടതിപ്പാലം റോഡിൽ കാൽനടയാത്ര ദുഷ്കരമായി. കോടതിപ്പാലത്തിന്റെ നവീകരണജോലികൾ നടക്കുന്ന ഈ ഭാഗത്തെ റോഡാകെ ചെളിനിറഞ്ഞ നിലയിലാണ്. ഇതിനിടയിലൂടെ ചെറിയ വാഹനങ്ങളും കൂടി കടന്നുവരുന്നതോടെ കാൽനടയാത്ര തീർത്തും ബുദ്ധിമുട്ടാകും.
തെന്നിവീഴാതെ വാഹനങ്ങൾക്ക് ഇടയിലൂടെ നടക്കാൻ യാത്രക്കാർ പെടുന്ന പാട് ചില്ലറയല്ല. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിട്ടി കുഴിയെടുത്തതോടെയാണ് റോഡ് ചെളിക്കുളമായത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി മഴ കനത്തതോടെ ദുരിതം ഇരട്ടിച്ചു.
കാറും ഓട്ടോയും ഇരുചക്രവാഹനങ്ങളും മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളുവെങ്കിലും റോഡിന് വീതി കുറവായതാണ് കാൽനടയാത്രക്കാർക്ക് വെല്ലുവിളിയായത്. മഴ ശമിക്കുന്നതുവരെ ഇതുവഴി ഗതാഗതം നിരോധിക്കാൻ സാധിച്ചില്ലെങ്കിൽ കാൽനടയാത്രക്കാർക്കായി ബദൽ മാർഗം സ്വീകരിക്കണമന്ന് ആവശ്യമുയരുന്നുണ്ട്.
വാഹന ഗതാഗതം നിരോധിക്കണം
എതിരെ വാഹനം വന്നാൽ ഒതുങ്ങി നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്
ഇതിനിടയിൽ പലഭാഗങ്ങളിൽ പൊട്ടിക്കിടക്കുന്ന കേബിളുകളും ഭീഷണിയാണ്
മഴ ശമിക്കുന്നതുവരെ വാഹനഗതാഗതം നിറുത്തി വയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
രണ്ടര മീറ്ററോളം വീതിയേ റോഡിനുള്ളൂ.പൈപ്പിടാൻ കുഴിയിട്ട ഭാഗത്ത് മഴ പെയ്തതോടെ കുഴിയും രൂപപ്പെട്ടു
റോഡിലൂടെ ഒരുതരത്തിലും നടക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. കുറച്ചു ദിവസത്തേക്കെങ്കിലും വാഹനഗതാഗതം നിയന്ത്രിക്കണം
-സുരേഷ്, യാത്രക്കാരൻ