ആലപ്പുഴ : യൂണിയൻ മാറിയതിന്റെ പേരിൽ മാവേലിക്കര എഫ്.സി.ഐയിൽ 21തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്നതായി പരാതി. വർഷങ്ങളായി മാവേലിക്കര എഫ്.സി.ഐയിൽ ജോലി ചെയ്തു വന്നതൊഴിലാളികൾക്കാണ് ദുരനുഭവം. തങ്ങളുടെ കൂലിയിൽ നിന്നും യൂണിയൻ നേതാക്കൾക്ക് നോക്കുകൂലി കൊടുക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാത്തതിനാൽ ഐ.എൻ.ടി.യു.സി യിൽ യൂണിയനിലേക്ക് മാറിയതായാണ് ഇവരുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് സി.ഐ.ടി.യു നിഷേധിച്ചു. യൂണിയൻ മാറിയതിനെ തുടർന്ന് ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ എഫ്.സി.ഐ മാനേജരും കോൺട്രാക്ടറും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഓരോ വാഗൺ വരുമ്പോഴും നിലവിലെ തൊഴിലാളികളെ കൂടാതെ പുറത്തു നിന്നും 100 ഓളം അന്യസംസ്ഥാന തൊഴിലാളികളെ എത്തിച്ചാണ് ലോഡ് ഇറക്കുന്നത്. കഴിഞ്ഞ 16 വർഷത്തിലധികമായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെയാണ് മാറ്റിനിർത്തിയിരിക്കുന്നത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിവർഗീസ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര, റീജിയണൽ പ്രസിഡന്റ് മനോജ് എന്നിവർ എഫ്.സി.ഐ മാനേജരുമായി ചർച്ച നടത്തിയെങ്കിലും കോൺട്രാക്ടർ വഴങ്ങുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേത്തുടർന്ന് കോൺഗ്രസ് പിന്തുണയോടെ തൊഴിലാളികൾ എഫ്.സി.ഐയ്ക്ക് മുന്നിൽ സമരം നടത്തി. മൂന്നു ദിവസം നീണ്ട സമരം ഇന്നലെ മാവേലിക്കര സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചു. ജില്ലാ കളക്ടർ ചർച്ചയ്ക്ക് വിളിക്കാമെന്ന ഉറപ്പാണ് ലഭിച്ചത്. കെ.പി.സി.സി അംഗം അഡ്വ. കുഞ്ഞുമോൾ രാജു, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ .മുരളീധരൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി, ഡി.സി.സി ജനറൽ സെക്രട്ടറി എം. കെ. സുധീർ, കൗൺസിലർ രാജൻ ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ജിജി മാത്യു എന്നിവർ പങ്കെടുത്തു.