
ആലപ്പുഴ : തീരദേശ റെയിൽപ്പാതയിലെ തിരക്കേറിയതും അപകടസാദ്ധ്യതയേറിയതുമായ തൃപ്പക്കുടം ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മാണത്തിന് തുടക്കമായി. ഏറെ നാളുകളായി ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പദ്ധതി 100 ശതമാനം റെയിൽവേ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.
പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ ഹരിപ്പാട്–തിരുവല്ല റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ആലപ്പുഴ-പത്തനംതിട്ട ജില്ലകൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കാനുമാകും. ഹരിപ്പാട്, തിരുവല്ല, എടത്വ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗതമാർഗമാണിത്.
2018-19 കാലഘട്ടത്തിൽ തന്നെ പദ്ധതിക്ക് റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും ചെലവിന്റെ 50ശതമാനം സംസ്ഥാനം വഹിക്കേണ്ടതായിരുന്നതിനാൽ പദ്ധതി നീണ്ടുപോയി. തുടർന്ന് റെയിൽവേ മന്ത്രാലയവുമായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി പൂർണമായും റെയിൽവേ ഏറ്റെടുത്തത്.
ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും
1. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല
2. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്
3. നിലവിൽ ടെസ്റ്റ് പൈലിംഗും ഭാരപരിശോധനയും പൂർത്തിയായിട്ടുണ്ട്
4. പൈലിംഗ് റിഗ് സ്ഥലത്തെത്തിച്ചു. വരും ദിവസങ്ങളിൽ പൈലിംഗ് ജോലികൾ ആരംഭിക്കും.
നിർമ്മാണ ചെലവ്
₹33.395 കോടി
തൃപ്പക്കുടം മേൽപ്പാലം പൂർത്തിയാകുന്നത് മാവേലിക്കര മണ്ഡലത്തിന്റെ ഗതാഗത ഭൂപടത്തിലെ സുപ്രധാന ചുവടുവയ്പ്പാണ്
- കൊടിക്കുന്നിൽ സുരേഷ് എം.പി