kiran-seth

ചെന്നിത്തല: സൊസൈറ്റി ഫോർ ദി പ്രൊമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്ത്( സ്പിക്മാക്കേ) സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളപര്യടനം നടത്തുന്ന സ്പിക് മാക്കെ സ്ഥാപകൻ ഡോ.കിരൺ സേത്ത് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലുമെത്തി. കേരള സർക്കാരുമായി സഹകരിച്ച് 140 നിയമസഭാ മണ്ഡലങ്ങളിലെ സർക്കാർ സ്കൂളുകളിലും കോളേജുകളിലും സന്നദ്ധ സംഘടനകളിലും ഉദ്യോഗസ്ഥ മേഖലകളിലും നടത്തിവരുന്ന പര്യടനത്തിന്റെ ഭാഗമായി ഡോ.കിരൺ സേത്ത് ജവഹർ നവോദയ വിദ്യാലയ ചെന്നിത്തലയിൽ നടത്തിയ സമ്പർക്ക പരിപാടിയും പ്രഭാഷണവും കുട്ടികൾക്ക് വേറിട്ട അനുഭവമായി. തത്ത്വചിന്ത, യോഗ, ആത്മീയത എന്നിവയിൽ വേരൂന്നിയ പുരാതന ഇന്ത്യൻ സമ്പ്രദായങ്ങൾ, ഇന്ന് വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം, ഉത്കണ്ഠ, മാനസികക്ഷീണം എന്നിവകളെ നേരിടുന്നതിനുള്ള പ്രായോഗിക രീതികളെക്കുറിച്ചായിരുന്നു പ്രഭാഷണം. 31-ന് കോഴിക്കോട് എൻ.ഐ.ടിയിൽ നടത്തുന്ന പ്രഭാഷണത്തോടെ ഡോ.കിരൺ സേത്തിന്റെ കേരള പര്യടനം സമാപിക്കും. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ജോളി ടോമി കിരൺ സേത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ പ്രവർത്തകരും സ്പിക് മാക്കെ സംസ്ഥാന കോർഡിനേറ്റർ കോട്ടയ്ക്കൽ ഉണ്ണികൃഷ്ണവാര്യർ എന്നിവരും പങ്കെടുത്തു.