
അമ്പലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും കരുമാടിയിൽ വീട് പൂർണമായും തകർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി വില്ലേജിൽ കരുമാടി കിഴക്കേ വാര്യന്തറ വീട്ടിൽ സുരേഷ് - സിന്ധു ദമ്പതികളുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാവിലെ 10 ഓടെ വീശിയ ശക്തമായ കാറ്റിൽ ഭിത്തികൾ ഇടിയുകയും, ഓട് പാകിയ മേൽക്കൂര പൂർണമായും തകരുകയുമായിരുന്നു. തൊഴിലുറപ്പു തൊഴിലാളിയായ സിന്ധുവും കൂലിപ്പണിക്കാരനായ സുരേഷും ജോലിക്കും മക്കളായ അമൽ കൃഷ്ണനും, അതുൽ കൃഷ്ണനും പഠിക്കാനും പോയിരിക്കുമ്പോഴാണ് അപകടമുണ്ടായത്. സിന്ധുവിൻ്റെ 80 കാരിയായ മാതാവ് തങ്കമ്മ തുണി എടുക്കാനായി വീടിന് പുറത്ത് നിൽക്കുകയായിരുന്നതിനാൽ ആളപായമുണ്ടായില്ല. വീട് പൂർണമായും ഇടിയുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു.വില്ലേജ് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.