ആലപ്പുഴ : കഴിഞ്ഞ ഒരു കൊല്ലം ഹരിതകർമ്മസേന ശേഖരിച്ചത് 15,200 കോടി കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണെന്നും കേരളത്തെയാകെ രണ്ട് തവണ പ്ലാസ്റ്റിക്കിൽ പൊതിയാൻ പറ്റുന്നത്ര മാലിന്യമാണിതെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാണാവള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹി
ക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വഴി അനുവദിച്ച 48 ലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപയും അടക്കം 50 ലക്ഷം രൂപ മുതൽ മുടക്കിലാണ് മന്ദിരം നിർമ്മാണം. ഇരുനിലകളിലായി 2211.18 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഓഫീസ് ഹാൾ, പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ക്യാബിൻ, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ചടങ്ങിൽ ദിലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ രജിത, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ കുഞ്ഞുമോൻ, സ്ഥിരംസമിതി അധ്യക്ഷരായ രാജേഷ് വിവേകാനന്ദ, ജി. ധനേഷ് കുമാർ, എസ്. രാജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം പ്രമോദ്, സി.പി വിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.എസ് പ്രിയ തുടങ്ങിയവർ പങ്കെടുത്തു.