
ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും പള്ളിപ്പാട്ട് വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെ 11.30 ഓടെ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. പള്ളിപ്പാട് മാർക്കറ്റ് ജംഗ്ഷൻ, ആഞ്ഞിലിമൂട് പറയങ്കേരി ഭാഗത്താണ് മരങ്ങളും വൈദ്യുത തൂണുകളും വീണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പള്ളിപ്പാട് സെന്റ് തോമസ് വലിയ പള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി. പള്ളി മുറ്റത്തുണ്ടായിരുന്ന കാറിന് മുകളിൽ ഓടുകളും മരച്ചില്ലകളും പറന്നു വീണ് കേടുപാട് സംഭവിച്ചു. സ്റ്റേറ്റ് ബാങ്ക് ശാഖയുടെ വലിയ ബോർഡും താഴെ വീണു. അടുത്ത് ആളുകൾ ഇല്ലാഞ്ഞതിനാൽ അപകടം ഒഴിവായി. വാഹനങ്ങളുടെ പുറത്തും മരങ്ങൾ കടപുഴകി വീണു. സ്വകാര്യ സ്റ്റുഡിയോയ്ക്കും കേടുപാടുകൾ സംഭവിച്ചു. പള്ളിപ്പാട് പറയങ്കേരി മുതൽ കുരീക്കാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.