maram-veenu

ചെന്നിത്തല: ശക്തമായ കാറ്റിലും മഴയിലും ചെന്നിത്തല പഞ്ചായത്തിൽ മരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെടുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങളും സംഭവിച്ചു. ചെന്നിത്തല കോട്ടമുറി - പള്ളിപ്പാട് റോഡിൽ വാഴക്കൂട്ടംപാലത്തിനും പറയങ്കേരി പാലത്തിനും ഇടയിലായി നിരവധി മരങ്ങൾ കടപുഴകി റോഡിലേക്ക് വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നിരവധി വൈദ്യുത തൂണുകൾ തകരുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തതോടെ വൈദ്യുതിയും ഇല്ലാതായി. ഫയർ ഫോഴ്സിന്റയും പ്രദേശവാസികളുടെയും സഹായത്തോടെ മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പഞ്ചായത്ത്‌ സെക്രട്ടറി, ജീവനക്കാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപു പടകത്തിൽ, ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ ദാനിയേൽ, മുൻ ഗ്രാമപഞ്ചായത്തംഗം എം.പ്രസന്നൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കല്ലുംമൂട്, കോട്ടമുറി, കന്യാത്തറ, വാഴക്കൂട്ടം ഭാഗങ്ങളിലായി 11 കെ.വി ഉൾപ്പെടെയുള്ള ഒരു ഡസനിലധികം വൈദ്യുത തൂണുകൾക്ക് നാശമുണ്ടായതോടെ വൈദ്യുതി നിലച്ചു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ ശക്തമായ കാറ്റിലും മഴയിലും വൻനാശനഷ്ടം ഉണ്ടായി. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വൃക്ഷങ്ങൾ പിഴുതു വീണു വൈദ്യുതി തൂണുകൾ ഒടിഞ്ഞു. വിദ്യാഭവനത്തിൽ ഹരീന്ദ്രന്റെ വീട് ഭാഗികമായി തകർന്നു. കരിയിലത്തറയിൽ രവിയുടെ വീടിന്റെ മേൽക്കുരയുടെ ഷീറ്റുകൾ തകർന്നു. കാട്ടുതറ പുത്തൻവീട്ടിൽ ബാബുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. നാശനഷ്ടം വിലയിരുത്തി അർഹരായ മുഴുവൻ ആളുകൾക്കും ധനസഹായം നൽകണമെന്ന് വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.