ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യാത്രാ വിലക്ക് നീക്കിയതിന് പിന്നാലെ, അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഒക്‌ടോബർ 9ന് ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനം സ്ഥിരീകരിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
2021 ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ താലിബാൻ നേതാവാണ് മുത്തഖി. നിലവിൽ ഇന്ത്യ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. എന്നാൽ മേയിൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് പിന്തുണ തേടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുത്തഖിയെ ഫോണിൽ വിളിച്ചിരുന്നു. ഇരുവരും നേരിട്ട് കാണുന്നത് ആദ്യം. താലിബാൻ ഭരണത്തിന് ഇന്ത്യയുടെ അംഗീകാരം തേടൽ, 2023ൽ പൂട്ടിയ ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കൽ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യം. ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയിൽ താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
മുത്തഖി കഴിഞ്ഞ ആഗസ്റ്റിൽ വരാൻ തീരുമാനിച്ചിരുന്നതാണ്. 1990 കളിൽ അഫ്ഗാനിസ്ഥാനിൽ നടത്തിയ പ്രവൃത്തികളുടെ പേരിൽ താലിബാൻ നേതാക്കൾക്ക് ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ വിലക്ക് തടസമായി. മുത്തഖിക്ക് ഇളവ് നൽകുന്നതിനെ അന്ന് പാകിസ്ഥാനാണ് എതിർത്തത്.