s

ന്യൂഡൽഹി: വാഹനാപകടക്കേസുകളിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് കീഴ്ക്കോടതി നഷ്‌ടപരിഹാരം അനുവദിച്ചിട്ടുള്ളതെങ്കിൽ അതിനെ മറികടന്ന് തൊഴിലാളി നഷ്‌ടപരിഹാര നിയമം (വർക്മെൻസ് കോംപൻസേഷൻ ആക്‌ട്) ഹൈക്കോടതികൾ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി. കർണാടകയിലെ വാഹനാപകടക്കേസിലാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെ‌ഞ്ചിന്റെ നിലപാട്. അപകടത്തിൽ പരിക്കേറ്റ കയറ്റിറക്ക് തൊഴിലാളിയുടെ വലതുകാൽ മുട്ടിന് താഴെവച്ചു മുറിച്ചുമാറ്റിയിരുന്നു. 85% വൈകല്യമുണ്ടെന്ന് വ്യക്തമാക്കി 9,000 മാസവരുമാനമാണ് മോട്ടോർ വാഹന നിയമപ്രകാരം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) തീരുമാനിച്ചത്. എന്നാൽ വർക്മെൻസ് കോംപൻസേഷൻ ആക്‌ട് പ്രയോഗിച്ച കർണാടക ഹൈക്കോടതി,പരമാവധി മാസവരുമാനമായി 8,000 നിശ്ചയിച്ചു. ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹൈക്കോടതി നടപ‌ടി റദ്ദാക്കി. എം.എ.സി.ടി അനുവദിച്ച 19,35,400 രൂപ നഷ്‌ടപരിഹാരം പുനഃസ്ഥാപിച്ചു.

എഫ്.ഐ.ആർ

പരിശോധിക്കണം

വാഹനാപകട നഷ്‌ടപരിഹാര കേസുകൾ പരിഗണിക്കുമ്പോൾ എഫ്.ഐ.ആറിലെ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി. വണ്ടിയുടെ രജിസ്ട്രേഷൻ അടക്കമുള്ളതിൽ വ്യക്തത വരുത്തണം. ബംഗളൂരുവിലെ വാഹനാപകടക്കേസിലാണിത്. യഥാർത്ഥ വാഹനമല്ല കേസിലുള്ളതെന്നും,തട്ടിപ്പു നടന്നുവെന്നും ഇൻഷുറൻസ് കമ്പനി സംശയമുന്നയിച്ചിരുന്നു. ഈ വാദം നേരത്തെ ട്രൈബ്യൂണൽ തള്ളിയെങ്കിലും ക‌ർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഇതടക്കം ദൃക്‌സാക്ഷി മൊഴി വിശ്വസനീയമല്ലെന്ന് തുടങ്ങിയ ഹൈക്കോടതി നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. നഷ്‌ടപരിഹാരം വെട്ടിക്കുറച്ചത് അടക്കം ചോദ്യംചെയ്‌ത് മരിച്ചയാളുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജി തള്ളി.