f-

ന്യൂഡൽഹി: ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 22ന് അവസാനിക്കാനിരിക്കെ,തിര‌ഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിപ്പോർട്ട്. നവംബറിൽ മൂന്നു ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവരും രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ബീഹാറിലെത്തി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. രാഷ്ട്രീയ പാ‌ർട്ടി പ്രതിനിധികളുടെ അഭിപ്രായങ്ങൾ കേട്ടു. 20ന് ദീപാവലിയും 28ന് ഛഠ് പൂജയുമാണ്. ഇതിനു ശേഷമാകണം തിരഞ്ഞെടുപ്പെന്ന് പാർട്ടികൾ നിർദ്ദേശം വച്ചു. പാർട്ടികളുടെ പരാതികളിൽ അതിവേഗം നടപടിയുണ്ടാകണമെന്ന് ജില്ലാ ഇലക്‌ടറൽ ഓഫീസ‌ർമാർക്കും എസ്.പിമാർക്കും കമ്മിഷൻ നിർദ്ദേശം നൽകി. തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയിലൂടെ 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു.