
ന്യൂഡൽഹി: കൊലപാതകവും കവർച്ചയും അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ നേപ്പാൾ സ്വദേശി ഭീം മഹാബഹാദുർ ജോറ (30) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്. തിങ്കളാഴ്ച രാത്രി വൈകി ഡൽഹി ആസ്ത കുഞ്ച് പാർക്കിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീം ജോറയും കൂട്ടാളിയും ആസ്ത കുഞ്ച് പാർക്കിനടുത്തുണ്ടെന്ന് വിവരം ലഭിച്ചാണ് ഗുരുഗ്രാം ക്രൈംബ്രാഞ്ചും ഡൽഹി പൊലീസും എത്തിയത്. പൊലീസിനെ കണ്ട ജോറ അവർക്ക് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചും വെടിവച്ചു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വെടിവെയ്പ് തുടർന്നു. പൊലീസിന്റെ വെടിയേറ്റ് വീണ ജോറയെ ഉടനെ എയിംസിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൂട്ടാളി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
2024ൽ ഡൽഹി ജംഗ്പുരയിൽ കവർച്ചയ്ക്കിടെ ഡോ. യോഗേഷ് ചന്ദ്ര പാലിനെ (63) കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ജോറ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗുരുഗ്രാമിലെ ബി.ജെ.പി നേതാവിന്റെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ട കേസിലും പ്രതിയാണ്.