e

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരു വർഷത്തിനുശേഷം ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് ഔദ്യോഗിക വസതി അനുവദിച്ചു. ദേശീയ പാർട്ടിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഔദ്യോഗിക വസതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.
ലോധി എസ്‌റ്റേറ്റ് 95ലെ ടൈപ്പ്-7 ബംഗ്ലാവാണ് കെജ്‌രിവാളിന് അനുവദിച്ചിരിക്കുന്നത്. മുമ്പ് മായാവതി താമസിച്ചിരുന്ന ലോധി എസ്‌റ്റേറ്റ് 35ലെ ബംഗ്ലാവ് വേണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വസതി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിക്ക് നൽകി.
കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ ഒക്ടോബറിൽ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. എ.എ.പി രാജ്യസഭാ എം.പി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലാണ് പിന്നീട് താമസിച്ചത്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെ ആഢംബരം വിവാദത്തിനിടയാക്കിയിരുന്നു. 'ശീഷ് മഹൽ' എന്ന് വിളിച്ച് ബി.ജെ.പി ഇതിനെ എ.എ.പിക്കെതിരായ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഈ വസതി ഗസ്റ്റ് ഹൗസാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.