
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ ഷൂ എറിയാൻ പ്രേരണയായത് ദൈവീക ശക്തിയെന്നും തെല്ലും പശ്ചാത്താപമില്ലെന്നും അഡ്വ. രാകേഷ് കിഷോർ. ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിഭാഷകൻ. മദ്ധ്യപ്രദേശ് ഖജുരാഹോ ജാവരി ക്ഷേത്രത്തിലെ ഏഴടി ഉയരത്തിൽ തല തകർന്ന നിലയിലുള്ള വിഷ്‌ണു വിഗ്രഹത്തെ പൂർവസ്ഥിതിയിലെത്തിക്കണമെന്ന ഹർജി പരിഗണിക്കവെ ഗവായ് നടത്തിയ പരാമർശം തന്നെ മുറിവേൽപ്പിച്ചു. ഭഗവാൻ വിഷ്‌ണുവിന്റെ കടുത്ത വിശ്വാസിയല്ലേ? അവിടെ പോയി പ്രാർത്ഥിക്കൂ, പരാതി പറയൂ എന്ന് ഹർജിക്കാരനെ നോക്കി ചീഫ് ജസ്റ്റിസ് പരിഹസിച്ചു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതിയിൽ നിന്ന് വേദനിപ്പിക്കുന്ന ഉത്തരവുകളാണ് വരുന്നത്. അനുകൂല നിലപാടെടുക്കാൻ കഴിയില്ലെങ്കിൽ കുറഞ്ഞപക്ഷം പരിഹസിക്കാതെയെങ്കിലുമിരിക്കണം. താൻ സനാതന ധർമ്മത്തിൽ അടിയുറച്ചു നിൽക്കുന്നയാളാണ്. വിഷ്‌ണു വിഗ്രഹ ഹർജി തള്ളിയത് അനീതിയാണ്. അതറിഞ്ഞതിനു ശേഷം നേരാംവണ്ണം ഉറങ്ങാനായിട്ടില്ല. രാജ്യം കത്തുമ്പോൾ നീ ഉറങ്ങുകയാണോയെന്ന് ചോദിച്ചുകൊണ്ട് ദൈവീക ശക്തി വിളിച്ചുണർത്തി. ഈശ്വരൻ ഏൽപ്പിച്ച നിയോഗമാണ് നടപ്പാക്കിയതെന്നും അഭിഭാഷകൻ പ്രതികരിച്ചു. ബുൾഡോസർ പ്രയോഗത്തെ വിലക്കിയ ഗവായിയുടെ വിധിയോടും എതിർപ്പുണ്ടായിരുന്നു.
മാപ്പു പറയില്ല
ഭയമില്ല, മാപ്പു പറയില്ല. ഗവായിയുടെ പ്രവൃത്തികളോടാണ് പ്രതികരിച്ചത്. ചീഫ് ജസ്റ്റിസ് പദവിയുടെ അന്തസ് നിലനിറുത്തണമായിരുന്നു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ സസ്‌പെൻഷനെയും അഭിഭാഷകൻ അപലപിച്ചു. ചട്ടങ്ങൾ മറികടന്നാണിത്. തനിക്കെതിരെ നടപടി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിൽ ആശ്ചര്യമുണ്ട്. ദളിത് ജഡ്‌ജിക്കെതിരെ ഷൂ എറിയാൻ ശ്രമിച്ചുവെന്ന പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട വ്യക്തിയാണ് ഗവായ് എന്നും രാകേഷ് കിഷോർ കൂട്ടിച്ചേർത്തു.
അതിനിടെ അഭിഭാഷകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സുപ്രീംകോടതിക്ക് മുന്നിൽ ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രതിഷേധിച്ചു.