d
dd

ന്യൂഡൽഹി: ഹരിയാനയിൽ ഐ.പി.എസ് ഓഫീസർ വൈ. പൂരൺ കുമാർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഡി.ജി.പി ശത്രുജിത് കപൂറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദ്ദേശം. ഡി.ജി.പി ശത്രുജിത് കപൂർ അവധിയിൽ പ്രവേശിച്ചതായി ഹരിയാന മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്‌ലി സ്ഥിരീകരിച്ചു. ഹരിയാന പൊലീസ് ഹൗസിംഗ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായും സംസ്ഥാന നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായും പ്രവർത്തിക്കുന്ന ഓം പ്രകാശ് സിംഗിന് ഹരിയാന ഡി.ജി.പിയുടെ അധിക ചുമതല നൽകി. 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ് സിംഗ്.

പൂരണിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിക്കെതിരെയുള്ള നടപടി. ഡി.ജി.പി കപൂർ ഉൾപ്പെടെ എട്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മാനസിക പീഡനം, പരസ്യമായ അവഹേളനം, അധികാര ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്.

പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

റോത്തക് എസ്.പി നരേന്ദ്ര ബിജർനിയയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ബിജർനിയക്കും കപൂറിനുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് പൂരണിന്റെ ഭാര്യയും മുതിർന്ന ഐ.എ.എസ് ഓഫിസറുമായ അംനീത് പി. കുമാർ ആവശ്യപ്പെട്ടിരുന്നു.

മോദിയുടെ

റാലി റദ്ദാക്കി

അതിനിടെ,​ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം 17ന് സോനിപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി. നയാബ് സിംഗ് സൈനി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് റാലി നടത്താൻ തീരുമാനിച്ചിരുന്നത്. റാലി റദ്ദാക്കിയതിന് ബി.ജെ.പി നേതൃത്വം കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഐ.പി.എസ് ഓഫീസറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദമാണ് കാരണെന്നാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നത്.


സന്ദർശിച്ച് രാഹുൽ

ഇന്നലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൂരണിന്റെ കുടുംബത്തെ സന്ദർശിച്ചു. രാവിലെ 11.08 ന് സെക്ടർ 24 ലെ പൂരണിന്റെ വസതിയിലെത്തി. കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചു.