s

ന്യൂഡൽഹി: തിരുവനന്തപുരത്ത് പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമി വാങ്ങിയത് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുപ്രീംകോടതിയെ അറിയിച്ചു. ഭൂമിയിൽ അവകാശമുന്നയിച്ചു സമർപ്പിച്ച ഹ‌‌ർജി പിഴയോടെ തള്ളണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

2021 സെപ്‌തംബർ 16ന് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിൽ നിന്ന് ഭൂമി വാങ്ങുമ്പോൾ ആ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു കേസും ഇല്ലായിരുന്നു. വ്യവഹാരത്തിൽ കിടന്ന ഭൂമി കോടതി ലേലത്തിലൂടെ സ്വന്തമാക്കിയ സ്ഥാപനത്തിൽ നിന്നാണ് വാങ്ങിയത്. ഭൂമിയിൽ 30 കോടിയിൽപ്പരം ചെലവിട്ട് 9 നില മന്ദിരം നി‌ർമ്മിച്ചു. അനീതിക്ക് ഇരയായെന്ന് സ്ഥാപിക്കാനാണ് ഹർജിക്കാരിയായ ഇന്ദു ശ്രമിക്കുന്നത്. ഭൂമി കോടതി വ്യവഹാരത്തിലിരുന്ന സമയത്ത് അതറിഞ്ഞുകൊണ്ട്, ലാഭം ലക്ഷ്യമിട്ടാണ് ഹർജിക്കാരി ഇന്ദു ഭൂമി വാങ്ങിയത്. ഇഞ്ചംഗ്ഷൻ ഓർഡർ അടക്കം നിലവിലിരിക്കെ നടത്തിയ ഇടപാട് കീഴ്ക്കോടതികൾ അംഗീകരിച്ചിട്ടില്ല. കീഴ്ക്കോടതികൾ തള്ളിക്കളഞ്ഞ വിഷയത്തിലുള്ള വാദങ്ങളിൽ മെരിറ്റില്ല. ഇതിൽ സുപ്രീംകോടതി ഇടപെടരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ കൂടിയായ ഇന്ദു സമർപ്പിച്ച ഹർജി നവംബർ 7ന് ജസ്റ്റിസ് അരവിന്ദ് കുമാർ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചേക്കും.

ഹർജിക്കാരിയുടെ വാദം

ജപ്‌തി നടപടികളിലായിരുന്ന ഭൂമിയായിരുന്നുവെന്നും, തങ്ങളുടെ കൈവശമായിരുന്നപ്പോൾ തന്നെ ഈ ഭൂമി നടപടിക്രമങ്ങൾ പാലിക്കാതെ ലേലം ചെയ്‌തുവെന്നുമാണ് ഹ‌ർജിക്കാരിയുടെ പരാതി. അതിനാൽ ലേലം ചെയ്‌ത നടപടി റദ്ദാക്കണം. വസ്‌തു തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു. 1998ൽ ഭൂമി ലേലം പിടിച്ചവരിൽ നിന്നാണ് 2021ൽ സി.പി.എം വസ്‌തു വാങ്ങിയതെന്നും ചൂണ്ടിക്കാട്ടി.