e

ന്യൂഡൽഹി: ദേശീയ പാതയിൽ വൃത്തിഹീനമായ ടോയ‌്‌ലെറ്റുകളുടെ ഫോട്ടോയെടുത്ത് അയയ്ക്കുന്നവർക്ക് ആയിരം രൂപ സമ്മാനം പ്രഖ്യാപിച്ച് ദേശീയപാത അതോറിട്ടി. ടോൾ അടയ്ക്കാനുള്ള ഫാസ് ടാഗ് അക്കൗണ്ടിലേയ്ക്കാകും സമ്മാനത്തുക ക്രെഡിറ്ര് ചെയ്യുക. പണമായി നൽകില്ല. ഈ മാസം 31 വരെയാണ് ഒാഫർ.

ദേശീയപാത അതോറിട്ടി പരിപാലിക്കുന്ന ടോയ്‌ലെറ്റുകൾക്കു മാത്രമാണ് ബാധകം. പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയിലെ ടോയ്‌ലെറ്റുകൾ പരിഗണിക്കില്ല. വൃത്തിഹീനമായ ടോയ്ലെറ്റുകളുടെ ജിയോ ടാഗ് ചെയ്ത (സമയവും സ്ഥലവും വ്യക്തമാക്കുന്ന) വ്യക്തമായ ചിത്രങ്ങൾ രാജ്മാർഗ്‌ യാത്ര എന്ന ആപ്പ് വഴിവേണം അപ്‌ലോഡ് ചെയ്യേണ്ടത്.

യാത്രക്കാരന്റെ പേര്, സ്ഥലം, വാഹന നമ്പർ, മൊബൈൽ നമ്പർ എന്നീ വിവരങ്ങളും നൽകണം.

ഒരു ടോയ്‌ലെറ്റിന് ഒരു ദിവസം ഒരു അവസരമാണ് ലഭിക്കുക. ഒന്നിലധികം ഫോട്ടോ ലഭിച്ചാൽ ആദ്യം ലഭിക്കുന്ന വ്യക്തതയുള്ള ചിത്രത്തിന് സമ്മാനം നൽകും.