
ന്യൂഡൽഹി: മുഖ്യമന്ത്രി നിതീഷ് കുമാർ 20 വർഷം മുൻപ് ഇല്ലാതാക്കിയ ലാലു പ്രസാദ് യാദവിന്റെ കാലത്തെ കാട്ടുഭരണം തിരികെ വരാൻ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സരൺ ജില്ലയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലുവിന്റെയും റാബ്രി ദേവിയുടെയും കാട്ടുഭരണത്തെക്കുറിച്ച് ബീഹാറിലെ യുവാക്കളെ ഓർമ്മിപ്പിക്കാനും അതിനെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുപ്പിക്കാനുമാണ് വന്നതെന്ന് അമിത് ഷാ പറഞ്ഞു. നിതീഷ് കുമാർ ബീഹാറിനെ കാട്ടുഭരണത്തിൽ നിന്ന് മോചിപ്പിച്ചു. കഴിഞ്ഞ 11 വർഷമായി പ്രധാനമന്ത്രി മോദി ബീഹാറിന്റെ വികസനത്തിനായി പ്രവർത്തിച്ച് ദരിദ്രർക്ക് അനുഗ്രഹം ചൊരിഞ്ഞു.
ബീഹാറിലെ ജനങ്ങൾക്ക് ഈ വർഷം നാല് ദീപാവലികൾ ആഘോഷിക്കാൻ അവസരമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ശരിക്കുള്ള ദീപാവലിക്കൊപ്പം ബീഹാറിലെ സ്ത്രീകൾക്ക് പ്രതിമാസം 10,000 രൂപ ലഭിക്കുന്ന പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി പരിഷ്‌കാരവും ആഘോേഷിക്കാം. ലാലു-രാഹുൽ കമ്പനിയെയും തോൽപ്പിച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ എൻ.ഡി.എയെ ജയിപ്പിച്ചാൽ നാലാമത്തെ ദീപാവലി വരുമെന്നും അദ്ദേഹം പറഞ്ഞു.