ന്യൂഡൽഹി: മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി കേന്ദ്ര നിയമ, നീതി മന്ത്രാലയം ഉത്തരവിറക്കി. ഇദ്ദേഹത്തെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ആദ്യ ശുപാർശ കേന്ദ്ര സർക്കാർ ഇടപെട്ട് മാറ്റിയത് വിവാദമായിരുന്നു.

മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സീനിയോറിട്ടിയിൽ രണ്ടാമനായ ജസ്റ്റിസ് അതുൽ,​ ഛത്തീസ്ഗഢിൽ സ്ഥാനമേറ്റിരുന്നെങ്കിൽ ചീഫ് ജസ്റ്റിസ് ആകുമായിരുന്നു. കേന്ദ്ര സമ്മർദ്ദത്തെ തുടർന്നാണ് അലഹബാദിൽ നിയമിക്കാൻ കൊളീജിയം തീരുമാനിച്ചത്. അലഹബാദ് ഹൈക്കോടതിയിൽ ഇദ്ദേഹം സീനിയോറിട്ടിയിൽ ഏഴാമനാണ്.

ഓപ്പറേഷൻ സിന്ദൂർ പത്രസമ്മേളനത്തിൽ പങ്കെടുത്ത കേണൽ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്ന് പറഞ്ഞ മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിജയ് ഷായ്‌ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത് ജസ്റ്റിസ് അതുലായിരുന്നു. ഛത്തീസ്ഗഢിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് തടയാൻ ഇതിനുള്ള രാഷ്ട്രീയ പകപോക്കലാണ് കാരണമെന്ന് ആരോപണമുയർന്നിരുന്നു. കണ്ണൂർ സ്വദേശിയാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ.