rf

ന്യൂഡൽഹി: ഉത്തർപ്രദേശ് വൃന്ദാവനിലെ ബങ്കെ ബീഹാരി ക്ഷേത്ര നിലവറ 54 വർഷത്തിനു ശേഷം തുറന്നു പരിശോധിച്ചപ്പോൾ പല അമൂല്യവസ്‌തുക്കളും കാണാനില്ലെന്ന് ആരോപണം. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയും ഇന്നലെയുമായി നിലവറ തുറന്നു വസ്‌തുക്കളുടെ കണക്കെടുക്കുകയായിരുന്നു. മഥുരയിലെ സിറ്റി മജിസ്ട്രേട്ട്,പൊലീസ് ഉദ്യോഗസ്ഥർ,നാലു പൂജാരിമാരുമാണ് ശ്രീകോവിലിനോട് ചേർന്ന നിലവറയിൽ പ്രവേശിച്ചത്. പരിശോധനയിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ക്ഷേത്ര പൂജാരിമാർ പ്രതിഷേധിച്ചു. 1971ൽ സീൽ ചെയ്‌തു വച്ചിരുന്ന 'തോഷ്ഖാന' കഴിഞ്ഞദിവസം തുറന്നതും പാമ്പിനെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി മാറ്റി. രണ്ട് ചെമ്പ് നാണയങ്ങൾ, സ്വർണ വടി, മൂന്ന് വെള്ളി വടി, പിച്ചള - ചെമ്പ് പാത്രങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോ‌ർട്ടുകൾ. എന്നാൽ, വൻ അമൂല്യശേഖരം അവിടെയുണ്ടായിരുന്നുവെന്നാണ് ഒരുവിഭാഗം വിശ്വാസികൾ പറയുന്നത്. മയിലിന്റെ രൂപത്തിലുള്ള മരതക മാല, അപൂർവ രത്നങ്ങൾ, സ്വർണക്കട്ടികളും വെള്ളി ആഭരണങ്ങളും, സ്വ‌ർണ - വെള്ളി പാത്രങ്ങൾ, വെള്ളിയിൽ പൊതിഞ്ഞ നാഗം, നവരത്നങ്ങൾ പതിച്ച സ്വ‌ർണ കുടങ്ങൾ, വെള്ളി മുത്തുക്കുടകൾ, രാജകുടുംബങ്ങളിൽ നിന്ന് ക്ഷേത്രത്തിന് ലഭിച്ച വസ്‌തുവകകൾ, വിലപിടിപ്പുള്ള സംഭാവനകൾ എന്നിവ നിലവറയിലുണ്ടെന്നാണ് വാദം. ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമുണ്ടാകുമെന്നും പ്രചാരണമുണ്ട്. കഴിഞ്ഞദിവസത്തെ പരിശോധനയിൽ നിധിയടങ്ങിയ പെട്ടി കണ്ടെത്തിയെന്നും, ഇതിൽ നിറയെ സ്വ‌ർണക്കട്ടികളും അപൂർവ രത്നങ്ങളും സ്വർണ - വെള്ളി ആഭരണങ്ങളുമാണെന്ന അഭ്യൂഹം ശക്തമാണ്.

സി.ബി.ഐ അന്വേഷിക്കണം

ദിനേശ് ഫലാഹരി എന്ന വിശ്വാസി സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരിക്കുകയാണ്. ക്ഷേത്രസ്വത്തുക്കൾ അപ്രത്യക്ഷമായെന്നും, ക്ഷേത്രഭരണത്തിൽ വീഴ്ചയുണ്ടായെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ബങ്കെ ബീഹാരി ക്ഷേത്ര നിലവറ 1864ലാണ് നിർമ്മിച്ചത്. ബ്രിട്ടീഷ് ഭരണക്കാലത്ത് രണ്ടു തവണ നിലവറ കൊള്ളയടിക്കപ്പെട്ടിരുന്നു.