
ഏഴ് മുന്തിയ ഇനം കാറുകൾ വാങ്ങാൻ കരാർ ക്ഷണിച്ചു
വിമർശിച്ച് കോൺഗ്രസും പ്രശാന്ത് ഭൂഷണും
ന്യൂഡൽഹി: സഞ്ചരിക്കാൻ 60 ലക്ഷത്തിൽപ്പരം വിലയുള്ള മുന്തിയ ഇനം ബി.എം.ഡബ്ല്യു കാർ തന്നെ വേണമെന്ന രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്‌മാനായ ലോക്പാലിന്റെ നിലപാട് ചർച്ചയായിരിക്കുകയാണ്. ചെയർപേഴ്സൺ, ആറു അംഗങ്ങൾ എന്നിവർക്ക് ഉപയോഗിക്കാനാണിത്. ഏഴ് അത്യാഡംബര ബി.എം.ഡബ്ല്യു 3 സിരീസ് ലോംഗ് വീൽബേസ് സെഡാൻ വാങ്ങാൻ കരാർ ക്ഷണിച്ചു. വെള്ള നിറമായിരിക്കണമെന്ന് 16ന് പുറപ്പെടുവിച്ച കരാറിൽ പറയുന്നു. അഡിഷണൽ കാർ ഫിറ്റിംഗ്സ് അടക്കം ചേർത്ത് ഏഴു കാറുകളും റോഡിലിറങ്ങുമ്പോൾ അഞ്ച് കോടിക്കടുത്ത് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഴിമതിയും ധൂർത്തും തടയാൻ രൂപീകരിച്ച ലോക്പാലിൽ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതിൽ വ്യാപക വിമർശനം ഉയർന്നു. നികുതിദായകരുടെ പണം പാഴാക്കാനുള്ള, കടലാസിൽ മാത്രമുള്ള സംവിധാനമെന്ന് കോൺഗ്രസ് ആരോപിച്ചു. ആഡംബരങ്ങളിൽ അഭിരമിക്കുന്ന അംഗങ്ങളെ നിയമിച്ചു കൊണ്ട് ലോക്പാലിനെ പൂർണമായും തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിന്റെ കൂടി ഫലമായിട്ടാണ് ലോക്പാൽ സംവിധാനം വരുന്നത്. അന്ന് പ്രശാന്ത് ഭൂഷൺ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. ആഢംബര വാഹനം വാങ്ങാനുള്ള ലോക്പാലിന്റെ ശ്രമത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലും ട്രോളുകൾ പ്രത്യക്ഷപ്പെട്ടു.