
ന്യൂഡൽഹി: പി.എം ശ്രീയിൽ സി.പി.ഐ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ, ജനറൽ സെക്രട്ടറി ഡി. രാജ ഇന്നലെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ നേരിൽക്കണ്ട് ധാരണാപത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഒപ്പിട്ടതിനെ ബേബി ന്യായീകരിച്ചു. വിഷയം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കേണ്ടത് കേരളത്തിലാണെന്നും പറഞ്ഞു.
മുതിർന്ന നേതാവ് രാമകൃഷ്‌ണ പാണ്ഡയ്‌ക്കൊപ്പമാണ് രാജ ഡൽഹി എ.കെ.ജി ഭവനിൽ എത്തിയത്. പി.എം ശ്രീയെന്ന ഒറ്ര അജൻഡയിലായിരുന്നു ചർച്ച.
പി.എം ശ്രീയിൽ ഒപ്പിടാത്തുതുകൊണ്ട് സമഗ്ര ശിക്ഷാ കേരള തുടങ്ങി പദ്ധതികൾക്ക് സാമ്പത്തികസഹായം കേന്ദ്രം നിഷേധിക്കുകയാണെന്ന് ബേബി വിശദീകരിച്ചു. അരമണിക്കൂറിലേറെ ഇരുനേതാക്കളും സംസാരിച്ചെങ്കിലും ഇടപെടലിന് ബേബി വിസമ്മതിച്ചു. സംസ്ഥാനത്തെ സി.പി.എം - സി.പിഐ നേതൃത്വങ്ങൾ ചർച്ച തുടരട്ടെയന്ന നിലപാടിൽ ചർച്ച അവസാനിപ്പിച്ചു. എൽ.ഡി.എഫിലെ മറ്റു പാർട്ടികളുമായും ചർച്ച ചെയ്യും. പിന്നീട് ഇരുവരും ഒരുമിച്ച് മാദ്ധ്യമങ്ങളെ കണ്ടു.
അതേസമയം, ഇന്നലെ ചേർന്ന സി.പി.ഐ ദേശീയ കൗൺസിലിലും പി.എം ശ്രീയിൽ നിന്ന് കേരളം പിന്മാറണമെന്ന ആവശ്യമുയർന്നു.
പി.എം ഉഷയിൽ
നേരത്തേ ഒപ്പിട്ടു
ഉന്നത വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട പി.എം ഉഷ പദ്ധതിയിൽ കേരളം നേരത്തേ ഒപ്പിട്ടിട്ടുണ്ടെന്ന് എം.എ. ബേബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ അതേപടിയല്ല നടപ്പിലാക്കിയത്. വർഗീയവത്കരണം പാഠപുസ്‌തകത്തിലൂടെ കടന്നുകൂടിയിട്ടില്ല. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പി.എം ശ്രീയിലും ഒപ്പിട്ടത്. സ്‌മാർട്ട് ക്ലാസ് മുറികൾ, മികച്ച ലാബുകൾ തുടങ്ങി പി.എം ശ്രീയിൽ പറയുന്ന കാര്യങ്ങൾ ഇടതു സർക്കാർ നടപ്പാക്കുന്നുണ്ട്. ഇത് കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.
രണ്ട് പാർട്ടികൾക്കും ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്ന നിലപാടാണെന്ന് ഡി. രാജ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കച്ചവടവത്കരണം, വർഗീയവത്കരണം എന്നിവയ്ക്കാണ് നീക്കം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുകയാണ്.
ഒപ്പിടൽ
അടിയറവയ്ക്കൽ
വിമർശിച്ച് സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: പി.എം ശ്രീയിൽ സംസ്ഥാനം ഒപ്പുവച്ചത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നെന്ന് സി.പി.ഐ മുഖപത്രം. സംസ്ഥാനങ്ങൾക്ക് അർഹമായ നികുതിപ്പണ വിഹിതം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നൽകുന്നതിന് വഴങ്ങിക്കൊടുക്കുന്നത് കേന്ദ്രത്തിനുമുന്നിൽ അടിയറവു പറയലാണ്.
പി.എം ശ്രീയോടുള്ള ഇടതുപാർട്ടികളുടെ എതിർപ്പ് പ്രധാനമന്ത്രി ബ്രാൻഡിംഗിനോടല്ല, ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമാണ്. വിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം, ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാർത്തെടുക്കൽ എന്നിവയാണ് ബി.ജെ.പി ലക്ഷ്യം.
സി.പി.ഐ മന്ത്രിമാർ രണ്ടുതവണ മന്ത്രിസഭായോഗത്തിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാദ്ധ്യതകളും അട്ടിമറിക്കപ്പെട്ടു. ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണ്.
വർഗീയ സ്വേച്ഛാധിപത്യ പ്രവണതയോട് സന്ധിചെയ്യാത്ത ജനാധിപത്യ ബദലാണ് ഇടതുമുന്നണി മുന്നോട്ടു വയ്ക്കുന്നത്. അതിനെ ദുർബലമാക്കുന്ന യാതൊന്നും രാജ്യത്തെ ഇടതു പുരോഗമന ശക്തികൾ കേരള സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.