s

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകവേ വാക്ശരങ്ങളുമായി പോരടിച്ച് നേതാക്കൾ. ഖഗാരിയയിലെ റാലിയിൽ മഹാസഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചു. ആർ.ജെ.ഡി അധികാരത്തിലെത്തിയാൽ ജംഗിൾ രാജ് തിരിച്ചുവരുമെന്നും

ജനങ്ങൾ ബുദ്ധിപൂർവ്വം വോട്ട് വിനിയോഗിക്കണമെന്നും ഷാ പറഞ്ഞു. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയാൽ ബീഹാർ കൂടുതൽ വികസനത്തിലേക്ക് കുതിക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി മടക്കി അയയ്ക്കും. അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമാണ് മഹാസഖ്യത്തിലെ പാർട്ടികൾക്കുള്ളത്. നിതീഷ് കുമാർ സർക്കാർ കുറ്റകൃത്യങ്ങൾ കുറച്ചുവെന്നും ഷാ പറഞ്ഞു. ബീഹാറിനെ നയിക്കാനുള്ള കഴിവ് നിതീഷ് കുമാറിനിപ്പോൾ ഇല്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തിരിച്ചടിച്ചു. മഹാസഖ്യം അധികാരത്തിലെത്തിയാൽ ബീഹാറിനെ നമ്പ‌ർ വൺ സംസ്ഥാനമാക്കും. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും സർക്കാർ ജോലി നൽകും. 20 ദിവസത്തിനകം ഇതിനായി നിയമനിർമ്മാണം നടത്തും. 20 മാസത്തിനകം റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുമെന്നും അലൗലിയിലെ റാലിയിൽ തേജസ്വി പറഞ്ഞു.

ഒരുകോടി തൊഴിലവസരങ്ങൾ

അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനിടെ ഒരുകോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ മഹാസഖ്യം വ്യാപക പ്രചാരണ ആയുധമാക്കുന്നതിനിടെയാണ് പ്രഖ്യാപനം. അതേസമയം, ആർ.ജെ.ഡി നേതാവ് പ്രതിമ കുശ്വാഹ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. താഴെത്തട്ടിലുള്ള നേതാക്കളെ ആർ.ജെ.ഡി മാനിക്കുന്നില്ലെന്ന് പ്രതികരിച്ചു.

ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ബീഹാറിലേക്ക്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 400ൽപ്പരം ത്രിപുര സ്റ്റേറ്റ് റൈഫിൾസ് സേനാംഗങ്ങൾ ബീഹാറിലേക്ക് തിരിച്ചു. പ്രത്യേക ട്രെയിനിലാണ് യാത്ര. ഇന്ന് പാട്നയിലെത്തും. നവംബർ 6, 11 തീയതികളിലാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും.