d

ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ ഒഴിഞ്ഞുകിടന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അട്ടിമറി വിജയം. പാർട്ടിയുടെ ജമ്മു കാശ്‌മീർ ഘടകത്തിന്റെ അദ്ധ്യക്ഷൻ സത് ശർമ്മയാണ് ജയിച്ചത്. നാഷണൽ കോൺഫറൻസ് നേതാവ് ഇമ്രാൻ നബി ദർ പരാജയപ്പെട്ടു. 2019ന് ശേഷം നടന്ന നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൂന്നിൽ 'ഇന്ത്യ" മുന്നണി സ്ഥാനാർത്ഥികൾ ജയിച്ചെങ്കിലും, എല്ലാ കണക്കുകളും തെറ്റിച്ച് ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ചത് ഞെട്ടിച്ചു. 28 വോട്ട് മാത്രമുള്ള ബി.ജെ.പിക്ക് 32 വോട്ടുകൾ ലഭിച്ചു. കൂടുതലായി നാല് വോട്ടുകൾ. ദറിന് 21 വോട്ടുകൾ. ഇതെങ്ങനെ സംഭവിച്ചുവെന്നതിൽ രാഷ്ട്രീയവിവാദം പുകയുകയാണ്. ബി.ജെ.പിയും നാഷണൽ കോൺഫറൻസും തമ്മിലുള്ള ഒത്തുകളിയെന്ന് പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റ് സജാദ് ലോണെ ആരോപിച്ചു.

ചതിയെന്ന് ഒമർ

ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയം ചതിയെന്ന് ജമ്മു കാശ്‌മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ള പ്രതികരിച്ചു. വോട്ടെടുപ്പിന്റെ അവസാന നിമിഷം ചില കേന്ദ്രങ്ങൾ വഞ്ചിച്ചു. നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്‌ത കോൺഗ്രസ് അടക്കം പാർട്ടികൾക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. 'മാച്ച് ഫിക്‌സിംഗ്' എന്ന ആരോപണം നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ള തള്ളി.

സത് ശ‌ർമ്മയ്‌ക്ക് വൻസ്വീകരണം


ജയിച്ചതിന്റെ സന്തോഷം സത് ശർമ്മ മറച്ചുവച്ചില്ല. വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് പറഞ്ഞു. നാഷണൽ കോൺഫറൻസുമായുള്ള ഒത്തുകളിയെന്ന പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റ് സജാദ് ലോണെയുടെ ആരോപണം തള്ളി. ജമ്മു വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ സത് ശർമ്മയ്‌ക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി.