
ന്യൂഡൽഹി: ക്രിമിനൽ കേസിലെ ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാൽ പ്രതിയെ ഉടൻ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദൃക്സാക്ഷിയുടെ പരാതി ലഭിച്ചാലുടൻ പൊലീസിന് നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം. ഇക്കാര്യത്തിൽ വിചാരണക്കോടതിയുടെ അനുമതിക്കായി പൊലീസ് കാത്തു നിൽക്കേണ്ടതില്ല. വിചാരണക്കോടതിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലേ കേസെടുക്കാൻ കഴിയുകയുള്ളുവെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് നിർണായകമായ വിധി.
ദൃക്സാക്ഷിക്കു നേരെ ഭീഷണിയുയർന്നാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 195എ വകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടത്. ഗുരുതര കുറ്റകൃത്യമാണിത്. അതിനാൽ വിചാരണക്കോടതിയിൽ നിന്ന് പരാതി വരാൻ പൊലീസ് കാത്തുനിൽക്കേണ്ടതില്ല. ഭീഷണിപ്പെടുത്തി കൂറുമാറ്റാനും, വ്യാജ മൊഴി ലഭ്യമാക്കാനുമുള്ള ശ്രമങ്ങളെ തടയാനാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഈ വകുപ്പ്. ആദ്യം വിചാരണക്കോടതിയെ സമീപിക്കണമെന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.