
മുഖ്യമന്ത്രി നിതീഷ് കുമാറിന് പദവിയിൽ തുടരാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ബീഹാറിൽ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ജനദ്രോഹ ഭരണത്തിനോടുള്ള വെറുപ്പ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ. ആർ.ജെ.ഡി 100 സീറ്റിന് മുകളിലും മഹാസഖ്യം 150ന് മുകളിലും നേടി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പിയായ മംഗനി ലാൽ കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്:
? ലാലുവിന്റെ കാലത്തെ കാട്ടുഭരണം തിരിച്ചു വരരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പറയുന്നത്
ക്രമസമാധാനം തകർന്ന, മാനഭംഗങ്ങൾ പതിവായ, അഴിമതി കൊടികുത്തി വാഴുന്ന, ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന, ഇപ്പോഴത്തെ ബിഹാറിലല്ലേ കാട്ടുഭരണം നടക്കുന്നത്. പണവും സ്വാധീനവുമുള്ളവന് വേണ്ടിയാണ് നിതീഷ് സർക്കാർ. മാനഭംഗ ഇരകൾക്ക് നീതി കിട്ടുന്നില്ല. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യില്ല. മദ്യ നിരോധനമുള്ള സംസ്ഥാനത്ത് വ്യാജ മദ്യ ലോബി പൊലീസിനെ നോക്കുകുത്തിയാക്കി എല്ലാം നിയന്ത്രിക്കുന്നു.
ദരിദ്ര പശ്‌ചാത്തലത്തിൽ നിന്നുവന്ന് മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിനോടുള്ള അസഹിഷ്‌ണുതയാണ് എൻ.ഡി.എയ്‌ക്ക്.
? നിതീഷ് കുമാറിനെ ജനം ഇഷ്‌ടപ്പെടുന്നില്ലേ
നിതീഷിന്റെ കിളി പോയ അവസ്ഥയാണ്. അടുത്തിടെ കായിക ചടങ്ങിനിടെ അദ്ദേഹം ദേശീയഗാനത്തെ അപമാനിച്ചത് പരിസരം മറന്നതുകൊണ്ടാണ്. ജെ.ഡി.യു നേതാക്കളായ ലല്ലൻ സിംഗ്, സഞ്ജയ് ഝാ, സമ്രാട്ട് ചൗധരി എന്നിവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇത് ജനങ്ങൾക്കറിയാം. ജയിച്ചാൽ നിതീഷിനെ ഒഴിവാക്കാനാണ് ബി.ജെ.പി നീക്കം.
? മഹാസഖ്യത്തിന്റെ സാദ്ധ്യതകൾ
ഭരണവിരുദ്ധ വികാരം ശക്തമാണ്. മാറ്റം ആഗ്രഹിക്കുന്ന ജനം തേജസ്വി യാദവിൽ ഭാവിമുഖ്യമന്ത്രിയെ കാണുന്നു. ആർ.ജെ.ഡി മത്സരിക്കുന്ന 143 സീറ്റിൽ നൂറിലധികം നേടും. സഖ്യകക്ഷികൾക്ക് 50ൽ കൂടുതൽ സീറ്റുകൾ ലഭിക്കും. കേവലഭൂരിപക്ഷമായ 122 മറികടന്ന് ഭരണം പിടിക്കും.
? പ്രശാന്ത് കിഷോറിന്റെ സാന്നിദ്ധ്യം
ബി.ജെ.പിക്ക് വേണ്ടിയാണിറങ്ങിയത്. ഒരു സ്വാധീനവും ചെലുത്തില്ല.
? എസ്.ഐ.ആറിന്റെ സ്വാധീനം
ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാണ് എസ്.ഐ.ആർ. ബി.ജെ.പി നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായും ഭരണഘടനാ വിരുദ്ധമായും നീങ്ങി. ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്ന അനധികൃത കുടിയേറ്റക്കാരായ ബംഗ്ളാദേശികളെ അവർ എങ്ങനെയാണ് കണ്ടെത്തിയത്. അടിസ്ഥാന തിരിച്ചറിയൽ രേഖകളൊന്നും അംഗീകരിക്കുന്നില്ല. പൗരത്വം നിഷേധിക്കുന്നു. സുപ്രീകോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ സ്ഥതി രൂക്ഷമായേനെ.