kpcc

ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സിയുടെ പ്രചാരണ പദ്ധതിക്ക് അംഗീകാരം നൽകിയ കോൺഗ്രസ് ഹൈക്കമാൻഡ്,​ ഭിന്നതകൾ മാറ്റി വച്ച് മുന്നോട്ടു പോകാൻ ക‌ർശന നിർദ്ദേശം നൽകി. നവംബർ ഒന്നിന് പ്രചാരണം തുടങ്ങും.

ഇന്നലെ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് കേരളത്തിലെ നേതാക്കളുമായി ഒറ്റയ്‌ക്കും കൂട്ടായും ദേശീയ നേതൃത്വം ചർച്ച നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ചേർന്ന് അവതരിപ്പിച്ച പ്രചാരണ പദ്ധതി ചില ഭേദഗതികളോടെ അംഗീകരിച്ച എ.ഐ.സി.സി,​ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് നിർദ്ദേശിച്ചു. കേരളത്തിൽ പാർട്ടിക്കകത്ത് കൂടിയാലോചനകൾ കാര്യമായി നടക്കുന്നില്ലെന്ന വികാരം ചില നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.

തുറന്നടിച്ച്

കെ. സുധാകരൻ

കേരളത്തിലെ സാഹചര്യത്തെ കുറിച്ച് ദേശീയ നേതൃത്വത്തോട് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുറന്നടിച്ചു.. നേതാക്കളാണ് പാർട്ടിക്കുള്ളിൽ അനൈക്യമുണ്ടാക്കുന്നത്. ഐക്യത്തോടെയാണെങ്കിൽ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകും. ഇല്ലെങ്കിൽ വെള്ളത്തിലിറങ്ങുമെന്നും സുധാകരൻ പ്രതികരിച്ചു. ഉച്ചയ്‌ക്കു ശേഷമുള്ള യോഗത്തിന് നിൽക്കാത സുധാകരൻ കേരളത്തിലേക്ക് മടങ്ങി.

സുധാകരന്റേത് പൊതു പ്രസ്താവനയാണെന്നും, അദ്ദേഹം ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല, ശശി തരൂർ, കെ. മുരളീധരൻ, എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും യോഗത്തിനെത്തിയിരുന്നു. മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും എത്തിയില്ല.