
ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ സമ്പൂർണ പാസഞ്ചർ വിമാനമാകാൻ പോകുകയാണ് 100 സീറ്റുള്ള ഇരട്ട എൻജിൻ സുഖോയ് സുപ്പർജെറ്റ്. എസ്.ജെ -100 ന്റെ തദ്ദേശീയ നിർമ്മാണത്തിനായുള്ള ധാരണാപത്രം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എൽ), റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും (യു.എ.സി) തമ്മിൽ മോസ്‌കോയിൽ ഒപ്പുവച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്‌ക്ക് മേൽ കനത്ത താരിഫ് യു.എസ് ഏർപ്പെടുത്തിയതിനിടെയാണിത്. യുക്രെയിൻ യുദ്ധത്തിന് പിന്നാലെ യു.എസ് ഉപരോധമേർപ്പെടുത്തിയ റഷ്യൻ പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിയുമായിട്ടാണ് പാസഞ്ചർ ജെറ്ര് ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണാപത്രമായതെന്നതും ശ്രദ്ധേയം. ആഭ്യന്തര വിമാനസർവീസിനാണ് സുഖോയ് സുപ്പർജെറ്റ്-100 ഉപയോഗിക്കുക. കൃത്യമായ കരാറിലേക്ക് കടക്കുന്നതോടെ ആഭ്യന്തര നിർമ്മാണം ആരംഭിക്കും. മിഗ് 21, മിഗ് 27, സുഖോയ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സിവിലിയൻ എയർക്രാഫ്റ്റ് പദ്ധതിയിൽ പങ്കാളികളാകുന്നത്.
'ഗെയിം ചേഞ്ചർ" കരാർ
'ഗെയിം ചേഞ്ചർ' എന്നാണ് കരാറിനെ എച്ച്.എ.എൽ വിശേഷിപ്പിച്ചത്. ഇന്ത്യയെ വിമാനനിർമ്മാണത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണിത്. രാജ്യത്തെ ഉഡാൻ എയർ കണക്‌ടിവിറ്റി പദ്ധതിയിലെ നിർണായക ചുവടുവയ്‌പ്പും. 'ആത്മനിർഭർ ഭാരത്' ലക്ഷ്യമിട്ടുള്ള മോദി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും എച്ച്.എ.എൽ വിശദീകരിക്കുന്നു.
എയർബസ് ഭീമന്മാർക്ക് വെല്ലുവിളി
രാജ്യത്തിന് അടുത്ത 10 വർഷത്തേക്ക് 200ൽപ്പരം ആഭ്യന്തര ജെറ്റ് യാത്രാവിമാനങ്ങൾ കൂടുതലായി വേണ്ടിവരുമെന്നാണ് കണക്ക്. ഇന്ത്യയിൽ റഷ്യൻ സഹകരണത്തോടെ സുഖോയ് സുപ്പർജെറ്റ്-100 നിർമ്മിക്കുന്നത് യു.എസിലെ ബോയിംഗ് കമ്പനിക്കും, യു.കെയിലെ എയർബസിനും വൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ബോയിംഗ് 737, എയർബസ് എ 320 എന്നീ ശ്രേണിയിൽപ്പെട്ട വിമാനങ്ങളെയാണ് ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത്.