കൂത്താട്ടുകുളം: കൂത്താട്ടുകുളംടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരസഭാ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് മാസങ്ങളാകുന്നു. കൂത്താട്ടുകുളം സബ്‌ രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ നിന്നിരുന്ന കൂറ്റൻ മരം ഒടിഞ്ഞുവീണാണ് ഇത് അപകടാവസ്ഥയിലായത്. 9 ലക്ഷം രൂപയോളം ചെലവിട്ട് 2019 ൽ നിർമ്മിച്ചതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഇത്. വില്ലേജ് ഓഫീസ് സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, നഗരസഭാ മന്ദിരം എന്നിവയുടെ സമീപത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇത് പുനർനിർമിക്കുന്നതിൽ നഗരസഭാ അധികൃതർ ഗുരുതരമായ നിസംഗതയാണ് പുലർത്തുന്നത്. ഇത് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് വിവിധ സാമൂഹിക പ്രവർത്തകർ, പൗരപ്രമുഖർ, യാത്രക്കാർ എന്നിവർ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളും സ്ത്രീകളും അടക്കം നിരവധി പേർ ആശ്രയിക്കുന്നതാണ് സ്റ്റേറ്റ് ഹൈവേ എം.സി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. അപകടാവസ്ഥയിലായതോടെ യാത്രക്കാർ ഇതിൽ കയറി നിൽക്കുവാൻ ഭയക്കുകയാണ്. വെയിലും മഴയും വകവയ്ക്കാതെ റോഡ് വക്കത്താണ് പലരും ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത്. ചിലരാകട്ടെ ജീവൻ പണയം വച്ചാണ് ഇതിൽ കയറി നിൽക്കുന്നത്

ഭരണസമിതികളുടെ സാമൂഹ്യ പ്രതിബദ്ധത ഇല്ലായ്മയാണ് വെയിറ്റിംഗ് ഷെഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. കുട്ടികളും സ്ത്രീകളുമടക്കമുള്ള പല യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രത്തിൽ കയറാതെ വെയിലും മഴയും കൊണ്ടാണ് ബസ് കാത്തുനിൽക്കുന്നത്. അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണം.

റോയി എബ്രഹാം

മുൻ ചെയർമാൻ

നഗരസഭ

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കലാ രാജു,

ചെയർപേഴ്സൺ

നഗരസഭ

വിശദമായ എസ്റ്റിമേറ്റും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്

പിജി സുനിൽകുമാർ

വൈസ് ചെയർമാൻ

നഗരസഭ