ആലുവ: ആലുവ മേഖലയിലെ നിരവധി ക്ഷേത്രങ്ങളിൽ വിജയദശമിയോടനുബന്ധിച്ച് വിവിധ ചടങ്ങുകൾ നടന്നു. പൂജയെടുപ്പും വിദ്യാരംഭവുമായിരുന്നു പ്രധാന ചടങ്ങുകൾ. ആലുവ അദ്വൈതാശ്രമത്തിൽ ആദ്യാക്ഷരം കുറിക്കാൻ നിരവധി കുരുന്നുകളെത്തി. മേൽശാന്തി പി.കെ. ജയന്തൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖവക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും വിജയദശമി ആഘോഷം നടന്നു. എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖവക ശാരദാദേവി ക്ഷേത്രത്തിലും വിവിധ ചടങ്ങുകൾ നടന്നു. നെടുമ്പാശേരി കുരുമ്പക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ റിലയൻസ് ഇൻഫോകോം വൈസ് പ്രസിഡന്റ് കെ.സി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി വിജയദശമി മഹോത്സവം സമാപിച്ചു. വിദ്യാരംഭത്തിന് മേൽശാന്തി രഞ്ജിത്ത് തിരുമേനി കാർമ്മികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് എ.എസ്. സലിമോൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, സെക്രട്ടറി ടി.പി. സന്തോഷ്, ജോയിന്റ് സെക്രട്ടറി വിശ്വനാഥ പിള്ള, ട്രഷറർ കെ.എൻ. നാരായണൻകുട്ടി എന്നിവർ നേതൃത്വം നൽകി.
നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം മുൻ ജില്ല ജഡ്ജി അഡ്വ. സുന്ദരം ഗോവിന്ദ് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലുവാ ശ്രീമഹാദേവ ക്ഷേത്രത്തിൽ കെ.കെ. ഉഷാകുമാരി ടീച്ചർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.