deepak-kumar

കൊച്ചി: തമിഴ്നാട്ടിലെ ഈറോഡ് കേന്ദ്രീകരിച്ച് സ്ഥിരമായി കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബീഹാർ മധുബാനി ജയ്നഗർ സ്വദേശി ദീപക്‌കുമാറിനെയാണ് (26) എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ആർ.അഭിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 1.106 കിലോഗ്രാം കഞ്ചാവുമായി ട്രെയിനിൽ വന്നിറങ്ങിയ ഇയാൾ സെന്റ് ബെനഡിക്ട് റോഡിൽ കഞ്ചാവ് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് കസ്റ്റ‌ിയിലെടുത്തത്.

ഈറോഡിൽ കട നടത്തുന്ന പ്രതി കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കൊച്ചിയിലെത്തിച്ച് കൈമാറിയ ശേഷം അടുത്ത ട്രെയിനിൽ തന്നെ തമിഴ്നാട്ടിലേക്ക് മടങ്ങും. മുമ്പു പലതവണയും കൊച്ചിയിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. എക്സൈസ് നിരീക്ഷണത്തിലായിരുന്നു. 3000 രൂപയ്ക്ക് ഈറോഡിൽ ഏജന്റുമാർ കൈമാറുന്ന കഞ്ചാവിന് 25,000 രൂപ വരെയാണ് ഇയാൾ ഈടാക്കുന്നത്. റിമാൻഡ് ചെയ്തു.