കൊച്ചി: തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകൾ മയക്കുമരുന്നും മാരകായുധങ്ങളുമായി കൊച്ചിയിൽ എത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ബാറുകൾ കേന്ദ്രീകരിച്ച് നിരീക്ഷണവുമായി പൊലീസ്. 2024ൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് മരട് പൊലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടയും ഇയാളുടെ തിരുവനന്തപുരത്തെ കൂട്ടാളിയായ ഗുണ്ടയും കൊച്ചിയിലേക്ക് പുറപ്പെട്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ശനിയാഴ്ച കൊച്ചി നഗരത്തിലെ 28 ബാറുകൾ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. ഗുണ്ടകളെ കിട്ടിയില്ലെങ്കിലും തിങ്കളാഴ്ച ബാർ നടത്തിപ്പുകാരുടെ യോഗം വിളിച്ച പൊലീസ് ഗുണ്ടകളെ സൽക്കരിക്കരുതെന്ന് കർശന നിർദ്ദേശം നൽകി.
രാത്രി 9 മുതൽ 11 വരെ നടത്തിയ നിരീക്ഷണം സമീപകാലത്തെ കൊച്ചിയിലെ ഏറ്റവും ശക്തമായ കോമ്പിംഗായിരുന്നു. സിറ്റിപൊലീസ് കമ്മിഷണറുടെ ഡാൻസാഫ് സംഘവും എറണാകുളം സെൻട്രൽ എ.സി.പിയുടെ ക്രൈംസ്ക്വാഡും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. ബാറുകളിൽ മഫ്തിപൊലീസും ബാറുകൾക്ക് സമീപം എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പൊലീസിനെയും വിന്യസിച്ചു. ലഹരിമരുന്നിനൊപ്പം തോക്ക് ഉൾപ്പെടെ ആയുധങ്ങൾ കൈവശമുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഇത്.
മദ്യം കഴിക്കാനെത്തിയ യുവതിക്കുനേരെ അടുത്തിടെ ആക്രമണമുണ്ടായ ആഡംബര ബാറിൽ എത്തിയേക്കുമെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. കഴിഞ്ഞകൊല്ലം കുണ്ടന്നൂരിലെ ഹോട്ടലിൽനിന്ന് ഇതേ ഗുണ്ടാത്തലവനെ കസ്റ്റഡിയിൽ എടുത്തപ്പോൾ അളവിൽ കവിഞ്ഞമദ്യവും ഹെറോയിനും പിടികൂടിയിരുന്നു. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലാണ്. ഗുണ്ടാത്തലവന്റെ അടുത്ത അനുയായിയായ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാനഭംഗക്കേസിൽ കോട്ടയം പൊലീസ് കഴിഞ്ഞകൊല്ലം അറസ്റ്റുചെയ്തിരുന്നു.
ശനിയാഴ്ചത്തെ നിരീക്ഷണത്തിൽ ഇരുവരും പിടിയിലായില്ലെങ്കിലും ജാഗ്രത തുടരാനാണ് പൊലീസിന്റെ തീരുമാനം. തിങ്കളാഴ്ച എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലിസ് കമ്മിഷണർ സിബി ടോം വിളിച്ച ബാറുടമകളുടെ യോഗത്തിൽ കർശന നിർദ്ദേശങ്ങൾ നൽകി. ഏതെങ്കിലും ഗുണ്ടകളുമായി ബാറുകൾക്ക് അടുപ്പമുണ്ടെന്ന് കണ്ടെത്തിയാൽ കർശനനടപടിയുണ്ടാകും. ഗുണ്ടകളും ക്രിമിനലുകളും ബാറിലെത്തിയാൽ അക്കാര്യം പൊലീസിനെ ഉടൻ അറിയിക്കണം.
ബാറുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഡി.ജെ പാർട്ടികൾ രാത്രി 10ന് അവസാനിപ്പിക്കണമെന്നും നിർദ്ദേശിച്ചു. കഴിഞ്ഞയാഴ്ച എറണാകുളത്തെ ബാറിൽ ഡി.ജെ പാർട്ടിക്കിടെ നഗരസഭാ കൗൺസിലറും മരട് അനീഷിന്റെ സംഘാംഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്. ചിലബാറുകൾ രാത്രി 11ന് ശേഷവും പ്രവർത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നും എ.സി.പി പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ബാറുകാരുടെ യോഗം വിളിച്ചത്.