r
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി കുരുന്നിനെ ആദ്യാക്ഷരം കുറിപ്പി​ക്കുന്നു

ചോറ്റാനിക്കര: സരസ്വതി സാന്നിദ്ധ്യത്താൽ പവിത്രമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ വിജയദശമി ദിനമായ ഇന്നലെ ആയിരത്തഞ്ഞൂറോളം കുട്ടികൾ ആദ്യാക്ഷരം കുറിക്കാനെത്തി. പുലർച്ചെ നട തുറന്നപ്പോഴേ ക്ഷേത്രാങ്കണം ഭക്തരാൽ നിറഞ്ഞു. തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പന്തീരടിപൂജ നടന്നു. വിശേഷാൽ സ്വർണാഭരണങ്ങളും പുഷ്പഹാരങ്ങളും ചാർത്തിയ ദേവിയെ ദർശിച്ചു ഭക്തർ സായൂജ്യമടഞ്ഞു. മേൽശാന്തി സതീശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിൽ സരസ്വതി പൂജയ്ക്കുശേഷം പൂജയെടുത്തു. തുടർന്നു കിഴക്കേ നടപ്പുരയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ മേൽശാന്തിയുടെ നേതൃത്വത്തിൽ 15 വൈദിക ബ്രാഹ്മണരും സരസ്വതി മണ്ഡപത്തിൽ തന്ത്രിമാരും കുട്ടികളെ എഴുത്തിനിരുത്തി. സ്വർണംകൊണ്ട് നാവിൽ പ്രണവമന്ത്രം എഴുതി തളികയിലെ ഉണക്കലരിയിൽ ഹരിശ്രീ എഴുതിച്ച് വൈദികർ കുരുന്നുകളെ അറിവിന്റെ ലോകത്തേക്കാനയിച്ചു. വിദ്യാരംഭ ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമാപിച്ചു. ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പുസ്തകം, പേന, പഴം, പഞ്ചാമൃതം, സാരസ്വതാരിഷ്ടം എന്നിവ വിതരണം ചെയ്തു. തിരുവാതിര, സംഗീതാർച്ചന, ഭരതനാട്യം, നൃത്തനൃത്യങ്ങൾ എന്നിവയോടെ 11 ദിവസംനീണ്ട നവരാത്രി ഉത്സവം സമാപിച്ചു.

ദേവസ്വംബോർഡ് മെമ്പർ കെ.പി. അജയൻ, ദേവസ്വം അസി. കമ്മിഷണർ എം.ജി. യഹുൽദാസ്, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.