കിഴക്കമ്പലം: പട്ടിമറ്റത്തെ ഗതാഗതക്കുരുക്കഴിക്കാൻ തീരുമാനിച്ച ട്രാഫിക് പരിഷ്കാരം അട്ടിമറിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ പേരിൽ പഞ്ചായത്തിനെ പഴിചാരിയാണ് പരിഷ്കാരത്തെ അട്ടിമറിച്ചത്. പരിഷ്കാരം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ എം.എൽ.എയും കൈവിട്ടതോടെ പട്ടിമറ്റത്തെ കുരുക്കിന് ഒരു കാലത്തും മോചനമുണ്ടാകില്ലെന്ന് ഉറപ്പായി.

കൃത്യമായ പാർക്കിംഗ് ഏരിയകൾ തീരുമാനിച്ച് ബസ് സ്​റ്റോപ്പുകൾക്ക് കാലാനുസൃതമായ മാ​റ്റങ്ങൾ വരുത്തി 15 ദിവസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്‌കാരം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ വ്യാപാര ഭവനിൽ നടന്ന സർവകക്ഷിയോഗത്തിൽ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് നടപ്പാക്കുന്നതെന്ന വാദമുയർത്തിയാണ് പരിഷ്‌കാരത്തെ ഏതാനും ചിലർക്ക് വേണ്ടി അട്ടിമറിച്ചത്. ഇതോടെ സ്‌കൂൾ സമയങ്ങളിലും വൈകുന്നേരവും ടൗണിൽ കുരുക്കോട് കുരുക്കാണ്.

പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ച് ചേർക്കാത്തതാണ് പരിഷ്കാരം നടപ്പാക്കാത്തതെന്നാണ് വാദം. എന്നാൽ ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ജില്ലാ പൊലീസ് മേധാവിയാണ് ട്രാഫിക് ക്രമീകരണ സമിതികൾ രൂപീകരിക്കേണ്ടത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ മജിസ്ട്രേട്ട്, ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾ അടങ്ങിയതാണ് കമ്മിറ്റി.

ട്രാഫിക് ക്രമീകരണ സമിതികളുടെ അധികാര പരിധി തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്ക് സമാനവുമാണ്.

ഈ സാഹചര്യത്തിലാണ് പഞ്ചായത്തിനെ പഴിചാരി പട്ടിമറ്റത്ത് നടപ്പാക്കേണ്ട പരിഷ്കാരം അട്ടിമറിച്ചത്.

1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെയും 2007 ലെ കേരള റോഡ് സുരക്ഷാ അതോറിട്ടി ആക്ടിലെയും ചട്ടങ്ങളിലെ വ്യവസ്ഥകൾക്കും വിധേയമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് വിപുലമായ അധികാരവും നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് തടസമുണ്ടാക്കുന്ന ട്രാഫിക് സംബന്ധമായ കാര്യങ്ങൾ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനും കമ്മിറ്റിക്ക് അധികാരമുണ്ട്.

മാസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും കമ്മിറ്റി കൂടണമെന്നാണ് ചട്ടം. എന്നാൽ പഞ്ചായത്ത് ഇക്കാര്യങ്ങൾ മറച്ചുവച്ച് റെഗുലേറ്ററി കമ്മിറ്റി വിളിക്കുന്നില്ലെന്നാണ് വാദം.

ടൗണിൽ പൊലീസ് സാന്നിദ്ധ്യമില്ലായ്മയാണ് കുരുക്കിന് കാരണമെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നു.

പരസ്പരം പഴിചാരി പരിഷ്കാരം ഇല്ലായ്മ ചെയ്തതോടെ മൾട്ടി സ്‌പെഷ്യാലി​റ്റികൾ അടക്കം പട്ടിമ​റ്റത്തിന് സമീപത്തെ ആശുപത്രികളിലേക്കുള്ള ആംബുലൻസുകളടക്കം കുരുക്കിലാകുന്നു.

മിക്ക ദിവസങ്ങളിലും വൈകിട്ട് 5 മണിക്ക് ശേഷം പട്ടിമറ്റം കടക്കാൻ പെടാപ്പാടാണ്.

മണിക്കൂറുകളോളമാണ് കുരുക്ക് തുടരുന്നത്.