നെടുമ്പാശേരി: സ്വാമി ആദി ശങ്കരാചാര്യ ഹരിശ്രീ കുറിച്ച നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് എണ്ണൂറോളം കുട്ടികൾ. മലയാളികൾ മാത്രമല്ല പശ്ചിമ ബംഗാൾ, ആന്ധ്ര, തമിഴ്‌നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള കുട്ടികൾ ഹരിശ്രീ കുറിക്കാനെത്തി.
കേരള ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ആർ.കെ. ദാമോദരൻ, ശ്രീമൂലനഗരം മോഹൻ, തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, കെ.എൻ.കെ. നമ്പീശൻ തുടങ്ങിയവരും അദ്ധ്യാപകർ, പണ്ഡിത ശ്രേഷ്ഠർ, കലാകാരന്മാർ എന്നിവരടങ്ങിയ ആചാര്യന്മാരുമാണ് കുട്ടികളെ ഹരിശ്രീ എഴുതിപ്പിച്ചത്.
34 -ാമത് നവരാത്രി ക്ലാസിക്കൽ നൃത്തസംഗീതോത്സവം പഞ്ചരത്‌ന കീർത്തനാലാപനത്തിലൂടെ അവസാനിച്ചു. 11 ദിവസങ്ങളിലായി നടന്ന നൃത്തസംഗീത ആരാധനകളിൽ 600 ഓളം വിദ്യാർത്ഥികളും പ്രൊഫഷണൽ കലാകാരന്മാരും പങ്കെടുത്തു. നവരാത്രിയുടെ ഭാഗമായി ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറി. കേരള ക്ഷേത്ര സേവാ ട്രസ്റ്റ് ചെയർമാൻ എം.പി. നാരായണൻ മൂത്തമന, ജനറൽ സെക്രട്ടറി പി. ശശികുമാർ, നവരാത്രി ആഘോഷം ജനറൽ കൺവീനർ കെ.പി. മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.