കൊച്ചി: കടലോരഗ്രാമമായ ചെല്ലാനത്തിന്റെ സമഗ്രവികസനത്തിന് ഗാന്ധിജയന്തിദിനത്തിൽ ജനകീയ മാനിഫെസ്റ്റോ പുറത്തിറക്കി ചെല്ലാനം കാർഷിക- ടൂറിസം വികസന സൊസൈറ്റി പ്രവർത്തകർ. തെക്കേ ചെല്ലാനം സേവ്യർദേശ് പള്ളിയങ്കണത്തിൽ ഫാ. ഡോ. ആന്റണിറ്റോ പോൾ പ്രചാരണആരംഭം കുറിച്ചു. യുവജനപ്രതിനിധികൾക്ക് മാനിഫെസ്റ്റോ കൈമാറി.
ഒരു പതിറ്റാണ്ടിലേറെയെടുത്ത് തയ്യാറാക്കിയ പദ്ധതികളും നടപടികളും ഉൾക്കൊള്ളുന്ന വികസന മാനിഫെസ്റ്റോ പഞ്ചായത്തിലെ പ്രദേശിക, വാർഡ് തലത്തിൽ ജനകീയ ചർച്ചകൾക്ക് വിധേയമാക്കി നടപ്പാക്കും.
ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ, ഫൊറോന വികാരിമാരായ ഫാ. ജോപ്പൻ അണ്ടിശേരി, ഫാ. സോളമൻ ചാരങ്കാട്ട് എന്നിവർ ഉൾപ്പെടെ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഇടവകകളിലെയും വികാരിമാർ, എസ്. എൻ.ഡി.പി ശാഖായോഗം, കുടുംബി സമുദായസംഘം, കെ.പി.എം.എസ്
നേതാക്കളുടെയും വികസന ആഹ്വാനങ്ങൾ ഇതിലുണ്ട്.
കോവളത്ത് കഴിഞ്ഞയാഴ്ച നടന്ന കേരള - യൂറോപ്യൻ യൂണിയൻ ബ്ലൂ എക്കോണമി കോൺക്ലേവിൽ 457 കോടിയുടെ പദ്ധതി നിർദ്ദേശം സൊസൈറ്റി പ്രസിഡന്റ് കെ.എക്‌സ്. ജൂലപ്പൻ സമർപ്പിച്ചിരുന്നു. സൊസൈറ്റിയുടെ നിവേദനത്തെ തുടർന്ന് കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം ടൂറിസം വകുപ്പുകളുടെ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ഉന്നതതല പഠനസംഘങ്ങൾ തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടുകളിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള ജനകീയ സമ്മർദ്ദങ്ങളും മാനിഫെസ്റ്റോ ലക്ഷ്യംവയ്ക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പിന് നാടിന്റെ പ്രകൃവിഭവങ്ങൾ ഉപയോഗിച്ചുള്ള വികസന അജണ്ടകൾ മുഖ്യവിഷയമാക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പനും ജനറൽ സെക്രട്ടറി എം.എൻ. രവികുമാറും പറഞ്ഞു. കാൽനടയായി നടത്തിയ പ്രചാരണപരിപാടിക്ക് പി.എൻ. രവീന്ദ്രൻ, കെ.ഡി. ജോൺസൻ, കെ.വി. ജോൺസൻ, ജോയി കാക്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി.
നടപ്പാക്കാൻ ഉദ്ദേശിക്കുന്നവ
1 പുത്തൻതോട്ടിൽ കടലിലേക്ക് പുതിയ അഴിമുഖം
2 കല്ലഞ്ചേരി - അന്ധകാരനഴി ജലപാത
3 കല്ലഞ്ചേരി, തെക്കൻപൊഴി മറീനകൾ
4 കളത്തറ - തെക്കൻ പൊഴിയിലേക്ക് ഷോർ റോഡ്
5 കടലാക്രമണ സംരക്ഷണവും പുനരധിവാസവും
6 ചെല്ലാനം സംയോജിത കാർഷിക പുനരുദ്ധാരണ പദ്ധതി
7 ചെല്ലാനം - ഗോവ കാർഷിക പൈതൃകപദ്ധതി
8 വിജയം കനാൽ സംരക്ഷണ പദ്ധതി
9 ടെട്രാപോഡ് കടൽഭിത്തിക്കരികിലായി സീ ഷോർ റോഡ്