roy

കോതമംഗലം : കുട്ടമ്പുഴ ഉരുളൻതണ്ണി വെട്ടിക്കൽ റോയി പൗലോസിന്റെ (50) മരണം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം. ഒപ്പം മദ്യപിച്ച സുഹൃത്ത് മദ്യത്തിൽ വിഷം കലർത്തി നൽകിയതായാണ് റോയിയുടെ മരണമൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇയാൾ ആരോപണം നിഷേധിച്ചിട്ടുണ്ട്. റോയിയുടെ മരണം വിഷമുള്ളിൽ ചെന്നത് മൂലമാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ സൂചന.

ആന്തരീകാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടർനടപടി. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് റോയി മരിച്ചത്. ഞായറാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തേതുടർന്ന് തിങ്കളാഴ്ച വീട്ടുകാർ റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോയിയും സുഹൃത്തും തമ്മിൽ മുമ്പ് പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മദ്യപിക്കുന്നതിനായി ഇരുവരും ഒത്തുചേർന്ന പ്രദേശത്തെ സി.സി ടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു മരിച്ച റോയി.