കൊച്ചി: കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി സ്ലാബ് മാറ്റം നടപ്പാക്കാൻ പല വൻകിട കമ്പനികളും തയാറാകുന്നില്ലെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള (സ്വാക്ക്) സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട, ജനറൽ സെക്രട്ടറി കെ.എ. സിയാവുദീൻ, സ്വാക്ക് എക്സ്പോ ചെയർമാൻ സാജു മൂലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജി.എസ്.ടിയിലെ കുറവ് നടപ്പിലാക്കിയ ബിൽ അല്ല സൂപ്പർമാർക്കറ്റുകൾക്ക് കമ്പനികൾ നൽകുന്നത്. ഉത്പന്നങ്ങളുടെ വില കമ്പനികൾ കുറച്ചു തന്നാൽ തങ്ങൾക്ക് അതേ രീതിയിൽ വിലകുറച്ച് ജനങ്ങൾക്ക് നൽകാൻ സാധിക്കും. കമ്പനികൾ അതിനു തയ്യാറാകാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും 2017ൽ 28 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് ജി.എസ്.ടി കുറച്ചപ്പോഴും ചില ബഹുരാഷ്ട്ര കമ്പനികൾ ഇതേ നിലപാടിലായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
അന്ന് ധനകാര്യമന്ത്രിക്കും ജി.എസ്.ടി കമ്മിഷണർക്കും പരാതി നൽകുകയും വൻകിട കമ്പനികൾക്ക് പിഴയിടുകയും ചെയ്തിരുന്നു. സമാന രീതിയാണ് പുതിയ ജി.എസ്.ടി നിരക്ക് നിശ്ചയിച്ചപ്പോഴും കമ്പനികൾ സ്വീകരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
'പവൻ സ്വാക്ക് എക്സ്പോ" ഇന്നു മുതൽ
കൊച്ചി: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള (സ്വാക്ക്) സംഘടിപ്പിക്കുന്ന പവൻ സ്വാക്ക് 2025 2.0 ഓൾ കേരള എക്സ്പോ ഇന്ന് മുതൽ ഒക്ടോബർ അഞ്ചുവരെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. ഇന്ന് വൈകുന്നേരം നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, റോജി.എം. ജോൺ എം.എൽ.എ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര തുടങ്ങിയവർ പങ്കെടുക്കും.