വൈപ്പിൻ: വിജയദശമി ദിനമായ ഇന്നലെ രാവിലെ ക്ഷേത്രങ്ങളിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. പുരോഹിതരും ഗുരുനാഥന്മാരും കാർമികത്വം വഹിച്ചു. തുടർന്ന് സംഗീതാർച്ചനയും നൃത്താർച്ചനയും അരങ്ങേറി.
ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് മേൽശാന്തി എം. ജി. രാമചന്ദ്രൻ കാർമികത്വം വഹിച്ചു. രാവിലെ മേളവിദ്വാൻ ചെറായി രമേഷ് ദേവപ്പന്റെ ശിക്ഷണത്തിൽ കുട്ടികളുടെ ചെണ്ട വാദ്യ പഠനത്തിന് തുടക്കം കുറിച്ചു. വൈകിട്ട് സംഗീത കച്ചേരി, വയലിൻ കച്ചേരി, ഭരതനാട്യം, കുച്ചുപ്പുടി, ഗിറ്റാർ എന്നിവയുടെ അരങ്ങേറ്റവും നടന്നു. സംഗീത നിശയോടെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു.
ഞാറക്കൽ ബാലഭദ്ര ദേവി ക്ഷേത്രത്തിൽ മേൽശാന്തി സുകുമാരന്റെ കാർമികത്വത്തിൽ വിദ്യാരംഭവും അക്ഷര പൂജയും നടത്തി. തുടർന്ന് സംഗീതാർച്ചന നടത്തി. നായരമ്പലം ഭഗവതി ക്ഷേത്രം, നായരമ്പലം കൊച്ചമ്പലം, പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം, ചെറായി വാരിശേരി ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം, മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും പൂജയെടുപ്പും വിദ്യാരംഭവും നടന്നു.
ഞാറക്കൽ നവരഞ്ജിനി കലാനിലയത്തിന്റെ ആഭിമുഖ്യത്തിൽ സംഗീതോത്സവം എസ്.എൻ ഓഡിറ്റോറിയത്തിൽ ഗുരു വന്ദനം, സ്വര വന്ദനം, സംഗീതാർച്ചന, കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ലത സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി, ദർശന കലാസമിതിയുടെ കൈകൊട്ടിക്കളി, ഗാനമേള എന്നിവ നടത്തി.