പറവൂർ: പ്രവർത്തകരുടെ അച്ചടക്കവും സേവന മനോഭാവവുമാണ് തന്നെ രാഷ്ടീയ സ്വയംസേവക സംഘത്തിലേക്ക് ആകർഷിച്ചതെന്ന് ജസ്റ്റിസ് ഡോ. കെ. നാരായണകുറുപ്പ് പറഞ്ഞു. ആർ.എസ്.എസ് പറവൂർ മണ്ഡലം വിജയദശമി മഹോത്സവത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ ഓരോ വ്യക്തികളിലും ദേശീയബോധം ഉർത്തുകയും ചെയ്യുന്നു. രൂപീകൃതമായി നൂറ് വർഷം പൂർത്തിയാകുമ്പോൾ ആർ.എസ്.എസ് എല്ലാമേഖലകളിലും നിർണായക ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആലുവ ജില്ല സഹ സംഘചാലക് പി.വി. സഞ്ജീവ് മുഖ്യ പ്രഭാഷണം നടത്തി. മഹോത്സവത്തിന്റെ ഭാഗമായി പെരുവാരം മഹാദേവ ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം തോന്നിയകാവ് ഭദ്രകാളി ക്ഷേത്രത്തിന് സമീപത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ ശാരീരിക പ്രദർശനം, അമൃതവചനം, ഗണഗീതം, വ്യക്തിഗീതം എന്നിവയും നടന്നു.